ഒളികല്ല് വനത്തില്‍ വിത്തുകളെറിഞ്ഞു
1571561
Monday, June 30, 2025 3:43 AM IST
വടശേരിക്കര: വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരണത്തിനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും ലക്ഷ്യമിട്ട് വനം വകുപ്പ് നടപ്പിലാക്കുന്ന വിത്തൂട്ട്-2025 പദ്ധതിയുടെ ഭാഗമായി വടശേരിക്കര റേഞ്ചിലെ ഒളികല്ല് ഭാഗത്ത് വിത്തുകളെറിഞ്ഞു.
റാന്നി സോഷ്യല്‍ ഫോറേഞ്ച് ഓഫീസര്‍ വി. എസ്. ഷുഹൈബ്, ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ എ. എസ്. അശോക്, വടശേരിക്കര റേഞ്ച് ഓഫീസര്‍ ജി. എസ്. രഞ്ജിത്, സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഐ. ദിലീപ്, ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് സ്റ്റാഫ്, വടശേരിക്കര മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍ ഫോറസ്ട്രി ക്ലബിലെ കുട്ടികൾ, അധ്യാപകര്‍ തുടങ്ങിയവർ പങ്കെടുത്തു.
വന്യജീവി സംഘര്‍ഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഫുഡ്, ഫോഡർ, വാട്ടര്‍ പദ്ധതിയുടെ ഭാഗമായാണ് വിത്തുട്ട് നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ വനത്തിനുള്ളിലെ ഭക്ഷ്യലഭ്യത വര്‍ധിപ്പിക്കുവാനും വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും കഴിയും.
മണ്ണിന്റെയും കമ്പോസ്റ്റിന്റെയും മിശ്രിതത്തില്‍ പൊതിഞ്ഞ നാടന്‍ സസ്യങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളില്‍ ഉള്ളത്. സൂര്യതാപത്തില്‍ ഉണങ്ങാതെ വിത്തിനെ സംരക്ഷിച്ചു മുളച്ചു പൊന്തുന്നതിനും സഹായകമാണ് വിത്തുണ്ടകൾ. മണ്ണ്, ചാണകം, മഞ്ഞള്‍ തുടങ്ങിയവ ചേര്‍ത്തുള്ള ആവരണം വിത്തുണ്ടകള്‍ക്ക് ജീവികളില്‍ നിന്നുള്ള പ്രതിരോധം നല്കുന്നു.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കു അനുസൃതമായാണ് വിത്തുണ്ടകളിലെ സസ്യ ഇനങ്ങള്‍ നിശ്ചയിക്കുന്നത്. സ്വാഭാവികമായി കാണുന്ന തദ്ദേശീയ ഇനങ്ങളുടെ വിത്തുകള്‍ മാത്രമാണ് വിത്തുണ്ടകളില്‍ ഉപയോഗിക്കുക.
വന്യജീവികള്‍ക്കു ഭക്ഷണം ഉറപ്പാക്കുന്ന മുള പോലെയുള്ള സസ്യങ്ങൾ, ഫലവൃക്ഷങ്ങള്‍, ഭക്ഷണയോഗ്യമായ പുല്ലുകൾ, സസ്യങ്ങള്‍, പഴവര്‍ഗ വൃക്ഷങ്ങള്‍ തുടങ്ങിയവക്ക് മുന്‍ഗണന നല്‍കുന്നതായും വനം വകുപ്പ് പറയുന്നു.