പമ്പാനദിയുടെ ആഴം കുറഞ്ഞു; പ്രളയം ക്ഷണിച്ചുവരുത്തി ചെളിയും തുരുത്തുകളും
1571546
Monday, June 30, 2025 3:29 AM IST
റാന്നി: ആഴംകുറഞ്ഞതും മണല്‍ത്തിട്ടകള്‍ ഇല്ലാത്തതും കാരണം പമ്പയുടെ തീരത്ത് അതിവേഗ പ്രളയസാധ്യത. ഇക്കൊല്ലം കാലവര്‍ഷം ആരംഭിച്ചതിനു പിന്നാലെ അടിക്കടി നിരവധി പ്രളയങ്ങളാണ് പമ്പാതീരത്തുണ്ടായത്.
ശക്തമായ മഴയില്‍ വന്‍തോതില്‍ വെള്ളമെത്തുന്ന നദി ആഴമില്ലാത്തതിനാല്‍ തീരങ്ങളെ കവര്‍ന്നാണ് ഒഴുകുന്നത്. വീടുകളും കൃഷിയിടങ്ങളും തൊഴുത്തുകളും വളര്‍ത്തുമൃഗങ്ങളും ഉള്‍പ്പെടെ വെള്ളം കവരുന്ന സ്ഥിതിയുണ്ട്. 2018 ലെ മഹാപ്രളയത്തില്‍ അലറിയൊഴുകിയ പമ്പാനദി തീരങ്ങളിലെ നിരവധി വീടുകളും കൃഷിയിടങ്ങളും നാശോന്മുഖമാക്കി.
നാറാണംമൂഴി പഞ്ചായത്തിലെ തോണിക്കടവ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലും റാന്നി താലൂക്കിലെ പല മേഖലകളിലും ആളുകള്‍ പെരുവെള്ളത്തിന്റെ ഭീകരത തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴും അന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ ഞെട്ടലില്‍ നിന്ന് പലര്‍ക്കും മോചനമുണ്ടായിട്ടില്ല.
മഴയൊന്നുറച്ചു പെയ്താല്‍ വെള്ളം കയറുമെന്ന ഭീതിയിലാണ് തീരങ്ങളിലെ കുടുംബങ്ങള്‍.
മണല്‍ വാരല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ നദിയുടെ അടിത്തട്ട് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മുമ്പുണ്ടായിരുന്ന മണല്‍ശേഖരം നഷ്ടപ്പെട്ട് ഇപ്പോള്‍ ചെളിയാണ് അടിത്തട്ടിലുള്ളതെന്ന് പറയുന്നു. മഹാപ്രളയത്തിനുശേഷമാണ് ഇത്തരത്തില്‍ ചെളി ഉണ്ടായിരിക്കുന്നത്.
മുന്‍പ് വള്ളം കടത്തുകടവുകള്‍ നിലനിന്ന തോണിക്കടവിലും അത്തിക്കയത്തും നാറാണംമൂഴിയിലും മുക്കത്തുമൊന്നും ഇപ്പോള്‍ കടത്തുകടവുകളൊ കയങ്ങളോ ഇല്ല. ഇവിടങ്ങളില്‍ നദിയുടെ അടിത്തട്ട് നിറഞ്ഞു കവിഞ്ഞു. ഇപ്പോള്‍ എത്തുന്ന വെള്ളം അതേപടി താഴേക്ക് കുതിച്ചെത്തുകയാണ്. മണല്‍ശേഖരം നദിക്കുണ്ടായിരുന്നപ്പോള് അത് ആഗിരണം ചെയ്യുന്ന വെള്ളം തടഞ്ഞു നിര്ത്താനാകുമെയിരുന്നു.
നദിയുടെ ഉപരിതലം മുമ്പത്തേക്കാള്‍ അപകടകാരിയാണിപ്പോൾ. നദിയില്‍ പുറ്റുകളും പച്ചത്തുരുത്തുകളും രൂപപ്പെടുന്നതും നദി ഗതി മാറി കരകളിലേക്ക് ഒഴുകുന്നതിനിടയാക്കുന്നുണ്ട്. പെരുന്തേനരുവിക്ക് താഴെയും കട്ടിക്കല്ലരുവിക്ക് സമീപവും പുറ്റുകള്‍ രൂപപ്പെട്ട് നദീ മധ്യത്തില്‍ ഏക്കറുകളോളം സ്ഥലം കരയായി മാറിയിട്ടുണ്ട്. ഇതിനു വശങ്ങളിലൂടെ ഒഴുകിയ നദി തീരങ്ങളിലേക്ക് കയറി കരഭൂമി കൈയടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആ പ്രദേശങ്ങളില്‍ തീരത്ത് കാര്യമായ ജനപ്പാര്പ്പില്ലാത്തതിനാല് വീടുകള്‍ക്കോ കൃഷിയിടങ്ങള്‍ക്കോ കാര്യമായ നാശനഷ്ടങ്ങളില്ല. എന്നാല്‍ അതിനും താഴേക്കുള്ള സ്ഥലങ്ങളിലെ സ്ഥിതി ഇതല്ല.
തോണിക്കടവുള്പ്പെടെയുള്ള പ്രദേശങ്ങളും അതിനു താഴേക്കും നദീതീരമേഖലകളില്‍ വീടുകളും കൃഷിയിടങ്ങളുമുണ്ട്. ഇവിടങ്ങളില്‍ തുരുത്തുകള്‍ രൂപപ്പെടുന്നത് മഴക്കാലത്ത് നദി കരകളിലേക്ക് ആര്‍ത്തലച്ചു ചെന്ന് വീടുകളും കിടപ്പാടങ്ങളും കവര്‍ന്നു കൊണ്ടുപോകുന്നതിനിടയാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
നദിയിലെ മണല്‍ നിബന്ധനകള്‍ക്കു വിധേയമായി വാരാമെന്ന സര്‍ക്കാര്‍ നിര്‍ദേശം അടുത്ത സമയത്തുണ്ടായെങ്കിലും നടപടിയുണ്ടായിട്ടില്ല. നദിയുടെ ഒഴുക്ക് സുഗമമാക്കുന്നതിലേക്കുള്ള മണല്‍വാരലാണ് വേണ്ടത്.
അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് മണല്‍ നിക്ഷേപിക്കുന്ന തരത്തിലുള്ള പ്രക്രിയയും നദിയില്‍ വേണ്ടിവരും. പ്രളയഭീഷണിയിലായ തീരങ്ങളുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
മണിമലയാറിന്റെ തീരത്തേക്കു മാലിന്യപ്രവാഹം
വെണ്ണിക്കുളം: തുടര്‍ച്ചയായ പ്രളയക്കെടുതിയിലായ മണിമലയാറിന്റെ തീരങ്ങളിലേക്ക് വന്‍തോതില്‍ മാലിന്യ പ്രവാഹം. നദീ തീരങ്ങളിലും തോടുകളിലും ഓടകളിലുമൊക്കെ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും മറ്റ് അജൈവ വസ്തുക്കളും വന്‍തോതിലാണ് നദീ തീരത്ത് അടിഞ്ഞിരിക്കുന്നത്. മഴക്കാലം ആയതിനു പിന്നാലെ മണിമലയാര്‍ തുടര്‍ച്ചയായ പ്രളയഭീഷണി നേരിട്ടുവരികയാണ്.
മഴ ശക്തമായി പെയ്യുമ്പോഴേക്കും നദി അപകടനിലയിലേക്ക് വേഗത്തിലെത്തുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നദിയുടെ വീതി കുറഞ്ഞതാണ് പ്രധാന പ്രശ്നം. തീരങ്ങളിലെ കൈയേറ്റവും മുളങ്കാടുകള്‍ അടക്കം വളര്‍ന്നു നദിയിലേക്ക് ഇറങ്ങിയതും വീതി കുറയാന്‍ കാരണമായി. ഇതോടൊപ്പം പല ഘട്ടങ്ങളിലായി അടിഞ്ഞുകൂടിയ മാലിന്യങ്ങളും നദിയിലെ സുഗമമായ ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്.
അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ തീരവാസികള്‍ക്കും ജലവിതരണ പദ്ധതികള്‍ക്കും ഭീഷണിയാണ്. ശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസുകള്‍ പലതും നദിയോടു ചേര്‍ന്നു തന്നെയാണ്. ഇതിനു സമീപത്തായാണ് പലയിടത്തും മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത്.
നദി കരകവിഞ്ഞെത്തുന്നതോടെ തീരങ്ങളും കിണറുകളും മലിനപ്പെടുന്നു. തീര സംരക്ഷണത്തിനും നദിയിലെ ഒഴുക്ക് സുഗമമാക്കുന്നതിനും നടപടി വേണമെന്നാവശ്യം ഉയരുന്നുവെങ്കിലും നടപടികളുണ്ടാകുന്നില്ല.