മസ്റ്ററിംഗ്: അക്ഷയ കേന്ദ്രങ്ങളിൽ ജനത്തിരക്ക്
1571176
Sunday, June 29, 2025 3:43 AM IST
എരുമേലി: സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവർക്കുള്ള നിർബന്ധിത മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിച്ചതോടെ ജനത്തിരക്ക്. ഇക്കഴിഞ്ഞ 25 മുതലാണ് മസ്റ്ററിംഗ് ആരംഭിച്ചത്. മസ്റ്ററിംഗ് നടത്താൻ അടുത്ത ഓഗസ്റ്റ് 28 വരെ സാവകാശമുണ്ടെങ്കിലും ദിവസവും വൻ ജനത്തിരക്കാണ് അക്ഷയ കേന്ദ്രങ്ങളിൽ.
മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ആധാര്‍ നമ്പര്‍ നൽകുമ്പോൾ പെൻഷണർ ഐഡി ഓട്ടോമാറ്റിക്കായി ഫെച്ച് ആവുന്ന വിധത്തിലാണ് പോര്‍ട്ടല്‍ തയാറാക്കിയിട്ടുള്ളത്. തിരക്ക് കുറയ്ക്കാൻ ജൂലൈ 15നു ശേഷം ക്യാമ്പുകള്‍ ആരംഭിക്കാവുന്നതാണന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
മസ്റ്ററിംഗിനായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കണമെന്നും ഗുണഭോക്താക്കള്‍ പ്രായമുള്ളവരും ക്ഷീണിതരുമായതിനാല് കൂടുതല്‍ സമയം കാത്തുനിൽക്കാത്ത വിധത്തില്‍ ടോക്കണ്‍ സംവിധാനം കൂടി ഒരുക്കണമെന്നും ഗുണഭോക്താക്കളോട് ഏറ്റവും സൗമ്യമായി പെരുമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർക്ക് മസ്റ്ററിംഗ് സംബന്ധിച്ച പരിശീലനം നൽകണമെന്നും നിർദേശമുണ്ട്. സേവനത്തിനുള്ള ഫീസ് 30 രൂപയാണെന്നും കിടപ്പുരോഗികള്‍ക്ക് 50 രൂപ ഈടാക്കാമെന്നും അധിക ചാര്‍ജ് ഈടാക്കുന്നത് കുറ്റകരമാണെന്നും നിർദേശിച്ചിട്ടുണ്ട്.