പണിമുടക്കില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കാനുള്ള ശ്രമം അപലപനീയം: ഫെസ്റ്റോ
1571185
Sunday, June 29, 2025 3:48 AM IST
പത്തനംതിട്ട: ഇടതു ട്രേഡ് യൂണിയനുകള്‍ ജൂലൈ ഒമ്പതിന് ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണാനുകൂല സര്‍വീസ് സംഘടനകളുടെ ഭീഷണി അവസാനിപ്പിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.രാജേഷ് ആവശ്യപ്പെട്ടു.
ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജീവനക്കാര്‍ക്ക് സമയബന്ധിതമായി ലഭ്യമാകേണ്ട ശമ്പള പരിഷ്കരണം, ക്ഷാമബത്ത, ലീവ് സറണ്ടര്‍ ഉള്‍പ്പെടെ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങളെല്ലാം വര്‍ഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിന് തയ്യാറാകാതെ, സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ ട്രേഡ് യൂണിയന് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്കിലേക്ക് സര്‍ക്കാര്‍ ജീവനക്കാരെ അനാവശ്യമായി വലിച്ചിഴക്കാൻ ഇടതു സംഘടനകള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് മനോജ് ബി. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ പി. സി. സിന്ധുമോൾ, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ഗിരീഷ്, ജി. അനീഷ്, ജില്ലാ പ്രസിഡന്റ് എന്‍. ജി. ഹരീന്ദ്രൻ, ജില്ലാ സെക്രട്ടറി എം. രാജേഷ്, എന്‍ റ്റി യു ജില്ലാ സെക്രട്ടറി വിഭൂത് നാരായണൻ, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുരേഷ്കുമാര്‍, ജില്ലാ പ്രസിഡന്റ് എം. കെ. അരവിന്ദന് എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ നിന്നും വിരമിച്ച വിവിധ ഘടക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രയയപ്പും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥത്ഥികള്‍ക്ക് അനുമോദനവും നല്കി.
ഭാരവാഹികളായി അജി എസ് നായര്‍ - പ്രസിഡന്റ്, വി. പ്രിജിത്, പി. പ്രിയേഷ്, അനിത ജി. നായര്‍ - വൈസ് പ്രസിഡന്റുമാര്‍, എന്‍. രതീഷ് - സെക്രട്ടറി, കെ. സുധീഷ്, വി. എസ്. രാജേഷ്, അര്ജുന് ദേവ് - ജോയിന്റ് സെക്രട്ടറിമാര്‍, കെ. ബി. ശശികുമാര്‍ - ട്രഷറാര്‍ എന്നിവരെ തെരഞ്ഞെടുത്തു.