പേവിഷ വാഹകരായി തെരുവുനായ്ക്കൾ; വളര്‍ത്തുമൃഗങ്ങളിലേക്കും രോഗബാധ
1571554
Monday, June 30, 2025 3:29 AM IST
കോഴഞ്ചേരി: തെരുവുനായ്ക്കളില്‍ നിന്നു വളര്‍ത്തു നായ്ക്കള്‍ അടക്കമുള്ള മൃഗങ്ങളിലേക്ക് പേ വിഷബാധ പടരുന്നു. തെരുവുനായ്ക്കളുമായി സഹവാസമുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കു വേഗത്തില്‍ പേവിഷബാധ പടരുകയാണ്. പ്രതിരോധ കുത്തിവയ്പ് വളര്‍ത്തു മൃഗങ്ങള്‍ക്കു നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ 50 ശതമാനം ആളുകളും ഇതെടുപ്പിച്ചിട്ടില്ല.
തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ വന്നതോടെ തെരുവുനായ്ക്കളുടെയും വളര്‍ത്തു നായ്ക്കളുടെയും ഭീതി ഒരേപോലെ വേട്ടയാടുകയാണ്. വളര്‍ത്തു മൃഗങ്ങളില്‍ പ്രതിരോധ കുത്തിവയ്പ് എടുപ്പിക്കാനുള്ള ക്യാമ്പുകളും മറ്റും ഇപ്പോള്‍ നടക്കുന്നില്ല. വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട കണക്കുകളും വകുപ്പുദ്യോഗസ്ഥരുടെ പക്കല്‍ ഇല്ല.
കഴിഞ്ഞ രണ്ടു മാസത്തിനിടെ കോയിപ്രം പഞ്ചായത്തില്‍ മാത്രം ഒരു സ്കൂള്‍ കുട്ടി ഉള്‍പ്പെടെ രണ്ട് പേരാണ് പേവിഷബാധയെ തുടര്‍ന്ന് മരിച്ചത്. നിരവധി ആളുകളെ തെരുവുനായ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പലരും ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധ മരുന്നിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ക്ഷാമം ഉണ്ടെന്നുള്ള വിമര്‍ശനം നിലനില്‍ക്കുകയാണ്.
വിദ്യാലയ അങ്കണത്തിലും നായക്കൂട്ടം
കോയിപ്രം പഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പഞ്ചായത്തിലെ പലവിദ്യാലയങ്ങളിലെ ക്ലാസ് മുറികളിലും വരാന്തകളിലും തെരുവു നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ്. ബാങ്കുകൾ, പഞ്ചായത്ത്, വില്ലേജ്, ബ്ലോക്ക് ഓഫീസുകൾ, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍, തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ജനവാസ മേഖലകളിലും തെരുവനായ്ക്കളുടെ ശല്യം നിയന്ത്രണാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കുമ്പനാട്ടെ ഒരു വിദ്യാലയത്തിലേക്കുള്ള വഴിയിലും സ്കൂള്‍ അങ്കണത്തിലും തെരുവുനായ്ക്കള്‍ കൂട്ടമായെത്തിയതിനേതുടര്ന്ന് അധ്യാപകര്‍ക്ക് നാട്ടുകാരുടെ സഹായം തേടേണ്ടി വന്നു. തുടര്‍ന്ന് കോയിപ്രം ഗ്രാപഞ്ചായത്ത് സെക്രട്ടറിക്ക് സ്കൂള്‍ അധികൃതര്‍ നിവേദനം നല്കി.
എന്നാല്‍ തെരുവ് നായ്ക്കളെ പിടികൂടാനാകില്ലെന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്. സഹികെട്ട പ്രദേശവാസികള്‍ക്കു വേണ്ടി സാമൂഹ്യ പ്രവര്‍ത്തകനായ സുബിന് നീറുംപ്ലാക്കല്‍ കോയിപ്രം പോലീസിന്റെ സഹായം തേടി. പോലീസ് ഉദ്യോഗസ്ഥര്‍ സ്കൂളില്‍ എത്തി വേണ്ട സഹായം നൽകുകയായിരുന്നു.
ജംഗ്ഷനുകളില്‍നിന്ന് വീട്ടുപരിസരത്തേക്കും
ജംഗ്ഷനുകളിലും കടത്തിണ്ണകളിലും വെയ്റ്റിംഗ്ഷെഡിലുമൊക്കെയായി കഴിഞ്ഞിരുന്ന തെരുവുനായ്ക്കള്‍ വീട്ടുമുറ്റങ്ങളിലേക്കും കടന്നുകയറിത്തുടങ്ങി. മഴക്കാലമായതോടെ ഇവ വീട്ടുപരിസരങ്ങളില്‍ കടന്നുകയറി സിറ്റൗട്ടിലും മറ്റുമായി താവളം ഉറപ്പിക്കുകയാണ്. ആക്രമണകാരികളായ നായ്ക്കളെ ഓടിക്കാനും വീട്ടുകാര്ക്കാകുന്നില്ല.
ഇവയില്‍ നിന്നാണ് വളര്‍ത്തു നായ, പൂച്ച, പശു തുടങ്ങിയവയ്ക്കു കടിയേല്‍ക്കുന്നത്. വളര്‍ത്തു മൃഗങ്ങളെ തെരുവുനായ ആക്രമിച്ചാല്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഇതിനിടെയില്‍ ഉടമകള്‍ക്കും ഇവയുടെ ആക്രമണം ഉണ്ടാകാനിടയുണ്ട്.
കോയിപ്രം പഞ്ചായത്തിലെ പുല്ലാട് ജംഗ്ഷൻ, വിവേകാനന്ദ ഹൈസ്കൂള്‍ പരിസരം, പുല്ലാട് വടക്കേ കവല, മുട്ടുമൺ, കോയിപ്രം കൃഷി ഓഫീസ് പരിസരം, കുമ്പനാട് ജംഗ്ഷൻ, ഹെബ്രോന്‍പുരം, വട്ടക്കോട്ടാല്‍, നെല്ലിമല, കൊച്ചാലുംമൂട്, കണമൂട്, കടപ്ര, കരീലമുക്ക്, കോയിപ്രം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരം, കോയിപ്രം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം നായ്ക്കള്‍ റോഡിലും പരിസരങ്ങളിലും കൂട്ടമായുണ്ട്.
തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്നു ബസ് കാത്ത് നില്‍ക്കുന്നവരും സ്കൂള്‍ കൂട്ടികളും കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ജീവന് ഭീഷണി ആകുന്ന വിധത്തില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്.
പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ സുബിന് നീറുംപ്ലാക്കല്‍ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ, ആരോഗ്യമന്ത്രിമാര്‍ക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്കി.