നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാളിനു തുടക്കമായി
1571555
Monday, June 30, 2025 3:29 AM IST
നിലയ്ക്കൽ: സെന്റ് തോമസ് എക്യുമെനിക്കല്‍ വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹയുടെ ദുക്റാന തിരുനാളിനു കൊടിയേറി. തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
നിലയ്ക്കല്‍ ദേവാലയം അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷൈജു മാത്യു, ഫാ. സി.എം. ഫിലിപ്പോസ്, ഫാ.സ്റ്റെഫാനോ പുലിക്കോട്ടിൽ, തൊഴിയൂര്‍ സഭാ ട്രസ്റ്റി ഗീവർ മാണി, സഭാ സെക്രട്ടറി ബിനോയ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂലൈ മൂന്നുവരെ വിവിധ സഭാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടാകും. ഇന്നു രാവിലെ പത്തിന് നടക്കുന്ന കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. നാളെ രാവിലെ ഒമ്പതിന് സീറോ മലബാര്‍ ക്രമത്തിലുള്ള കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാര്‍മികനാകും. രണ്ടിനു രാവിലെ ഏഴിന് ഓര്‍ത്തഡോക്സ് സഭയുടെ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തയും ഒമ്പതിന് മാര്‍ത്തോമ്മ സഭയുടെ ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
മൂന്നിനു രാവിലെ ഒമ്പതിന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് വൈസ് ചെയര്മാന് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. സഭയുടെ ഔദ്യോഗിക ചുമതലയില്‍ നിന്നു വിരമിച്ച ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന് സീതത്തോട്, ചിറ്റാർ, തുലാപ്പള്ളി പൗരാവലിയുടെ നേതൃത്വത്തില്‍ ആദരം അര്‍പ്പിക്കും.
പൊതു സമ്മേളനം കെ,.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ബിഷപ് ഉമ്മന്‍ കോശി, ഗീവര്‍ഗീസ് കുറ്റിയില്‍ ഫാ. ഷൈജു മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. നേര്‍ച്ചവിളമ്പോടെ തിരുനാള്‍ സമാപിക്കും.