പോലീസില്‍ വീണ്ടും തമ്മിലടി : റൗഡി ലിസ്റ്റില്പെട്ടയാളെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചെന്ന്; എസ്പിക്കെതിരേ ഡിവൈഎസ്പിയുടെ പരാതി
1571549
Monday, June 30, 2025 3:29 AM IST
പത്തനംതിട്ട: റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകനെ കൊലക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ജില്ലാ പോലീസ് മേധാവി ശിപാര്‍ശ ചെയതതിനെതിരേ മുഖ്യമന്ത്രിക്കു ഡിവൈഎസപിയുടെ പരാതി.
പത്തനംതിട്ട കരിക്കിനേത്ത് സില്‍ക്സിലെ പ്രമാദമായ കൊലപാതക കേസില്‍ പത്തനംതിട്ട ബാറിലെ അഭിഭാഷകനായ പ്രശാന്ത് വി. കുറുപ്പിനെ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കിയതിനെച്ചൊല്ലിയാണ് പോലീസിലെ പുതിയ വിവാദം.
നിരവധി കേസുകളില്‍ പ്രതിയാണ് പ്രശാന്തെന്നും ഇയാളെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടാറാക്കാന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍ ശിപാര്‍ശ ചെയ്തത് ദുരൂഹമാണെന്നും ആലപ്പുഴ ഡിവൈഎസ്പി എം.ആര്. മധുബാബു മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്കിയ പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മധുബാബു.
എംഎസിടി കേസുകള്‍ നടത്തുന്ന അഭിഭാഷകനെ കൊലക്കേസ് വിചാരണയ്ക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറാക്കിയത് തന്നോടുള്ള വിരോധത്താലാണെന്നും മധുബാബു പറയുന്നു. വി.ജി. വിനോദ് കുമാറിന് വര്‍ഷങ്ങളായി തന്നോട് പകയുണ്ട്. കരിക്കിനേത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു താന്‍. സ്പെഷല്‍ പ്രോസിക്യൂട്ടറാകാന്‍ കരിക്കിനേത്ത് ഉടമയ്ക്ക് വേണ്ടപ്പെട്ട അഭിഭാഷകരുടെ പട്ടികയാണ് നല്‍കിയത്.
ഇവര്‍ കേസ് തോറ്റു കൊടുത്തിട്ട് കുറ്റം തന്റെ മേല്‍ ചാര്‍ത്താനുള്ള നീക്കമാണ്. ഇതിനു വേണ്ടിയാണ് എസ്പി ശ്രമിക്കുന്നതെന്നും മധുബാബു പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മധുബാബുവിന്റെ മൊഴിയെടുത്തു.
ഡിവൈഎസ്പിയുടെ ആരോപണം നടപടി ഭയന്നെന്ന് എസ്പി
കരിക്കിനേത്ത് കൊലപാതകക്കേസില്‍ നടപടി നേരിടേണ്ടിവരുമെന്ന ഭയം കാരണമാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഡിവൈഎസ്പി എം.ആര്. മധുബാബു രംഗത്തെത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ പ്രതികരിച്ചു.
പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രശാലയിലെ കാഷ്യര്‍ ആയിരുന്ന ബിജു എം ജോസഫ് 2013 നവംബര്‍ അഞ്ചിന് കൊല്ലപ്പെട്ട കേസില്‍ സഹോദരന്മാരായ സാബു എം ജോസഫും ബേബി എം ജോസഫുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
2013 ല്‍ റിപ്പോര്‍ട്ട് ആയി അന്വേഷണം നടത്തി 2015 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ ഇതേവരെ തുടങ്ങാത്തത് പ്രതികളുടെ സ്വാധീനം കാരണമാണെന്നും, അതിനാല്‍ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ശിപാര്‍ശ ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് 2013 നവംബര്‍ അഞ്ചിന് ബിജുവിന്റെ സഹോദരന്മാര് അപേക്ഷ നല്‍കിയിരുന്നു.
ഇവര്‍ താത്പര്യമുള്ള പേരുകള്‍ അപേക്ഷയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് അനന്തര നടപടികള്‍ക്കായി അന്നത്തെ ജില്ലാ പോലീസ് മേധാവി പോലീസ് ആസ്ഥാനത്തേക്ക് അയച്ചു. നടപടി വൈകിയപ്പോള്‍ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു . ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പരാതിക്കാരെയും സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടറെയും കേട്ട ശേഷം, മൂന്നു പേരുകളില്‍ നിന്നും ഒരാളെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ശിപാര്‍ശ ചെയ്ത് കഴിഞ്ഞ മാര്‍ച്ച് 14 ന് പരാതി തീര്‍പ്പാക്കുകയും ചെയ്തു.
ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരേ ആദ്യം അന്വേഷണഉദ്യോഗസ്ഥനായിരുന്ന അന്നത്തെ സിഐ മധുബാബു മാര്‍ച്ച് 16 ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. സി ആര് പി സി 319 പ്രകാരം ആവശ്യമെങ്കില്‍ തെളിവുകള്‍ നശിപ്പിച്ചവരെ പ്രതികളാക്കാവുന്നതാണെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരന്മാരുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു ഇത് പ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് ഭയന്നാണ് ഡിവൈഎസ്പി ഇത്തരത്തില്‍ പരാതിയുമായി മുന്നോട്ടുവന്നതെന്നാണ് എസ്പി പറയുന്നത്..
റൗഡി ഹിസ്റ്ററി സീറ്റില്‍ ഉള്‍പ്പെട്ടയാളെ നിയമിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ശുപാര്‍ശ നല്കി എന്നുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും എസ്പിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. അഭിഭാഷകന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് കുറിപ്പില്‍ ഒന്നും പറയുന്നുമില്ല.