റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണം
1571178
Sunday, June 29, 2025 3:43 AM IST
റാന്നി: നിയോജകമണ്ഡലത്തിലെ മന്ദമരുതി - കക്കുടുമൺ - അത്തിക്കയം, ഇട്ടിയപ്പാറ - ബംഗ്ലാം കടവ്-വടശേരിക്കര, വെണ്ണിക്കുളം - തെള്ളിയൂർ റോഡുകളുടെ നിർമാണ ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിനോട് അഭ്യർഥിച്ചു.
കഴിഞ്ഞദിവസം മന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തെ നേരിൽക്കണ്ടാണ് എംഎൽഎ ഇക്കാര്യം അഭ്യർഥിച്ചത്. നിർമാണപ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തിനിൽക്കുന്ന പുതമൺ - കുട്ടത്തോട്, പാലച്ചുവട് -നരിക്കുഴി റോഡുകളുടെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു.
മന്ദമരുതി - അത്തിക്കയം റോഡ് നിർമാണത്തിന് 12 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8.3 കിലോമീറ്റർ ദൂരംവരുന്ന റോഡിന്റെ നിർമാണം മൂന്ന് റീച്ചുകളായാണ് നടത്തുന്നത്. റോഡിന്റെ പൈപ്പിടീൽ, വൈദ്യുത പോസ്റ്റുകൾ മാറ്റൽ എന്നീ പ്രവൃത്തികൾ വൈകിയതോടെ നിർമാണം പൂർത്തീകരിക്കാനും തടസമായി.
റോഡിലെ കലുങ്ക്, വശം കെട്ടൽ പ്രവൃത്തികൾ പൂർത്തിയായി. 2.25 കിലോമീറ്റർ ദൂരത്തിൽ ബിഎം ടാറിംഗും പൂർത്തിയാക്കി. 1.5 കിലോമീറ്റർ ഡബ്ല്യുഎംഎം പൂർത്തിയായി. മന്ദമരുതി മുതൽ 1.75 കിലോമീറ്റർ റോഡിന്റെ റീസ്റ്റോറേഷൻ പണികളും ലെവലിംഗും പൂർത്തിയാവുന്നതോടെ പൂർണമായും ടാറിംഗ് നടത്താനാകും.
10 കോടി രൂപ ചെവഴിച്ച് നിർമിക്കുന്ന ഇട്ടിയപ്പാറ ബംഗ്ലാംകടവ് - വടശേരിക്കര റോഡിലെ പൈപ്പിടീൽ ജോലികൾ അവസാന ഘട്ടത്തിലാണ്. പുതമൺ- കുട്ടത്തോട് പുതമൺ കുട്ടത്തോട്, നരിക്കുഴി റോഡുകളുടെ നിർമാണം 75 ശതമാനവും പൂർത്തിയായിട്ടുണ്ട്. ബിസി ടാറിംഗാണ് ഇനി പൂർത്തിയാകാനുള്ളത്. ജലഅഥോറിറ്റി ജോലികൾ പൂർത്തീകരിച്ചാൽ ടാറിംഗും പൂർത്തീകരിക്കാനാകും.