തിരുവല്ലയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണം ഇന്ന് പൂർത്തിയാകും
1571821
Tuesday, July 1, 2025 2:30 AM IST
തിരുവല്ല: മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് പൂർത്തിയാകും. യാർഡ് പൊട്ടിപ്പൊളിഞ്ഞ് ബസുകളുടെ പ്രവേശനം തന്നെ അസാധ്യമായ രീതിയിൽ കിടന്നിരുന്ന ബസ് സ്റ്റാൻഡിന്റെ പുനർനിർമാണം നഗരസഭ തന്നെയാണ് നടത്തിയത്.
എന്നാൽ ബസുകളുടെ പ്രവേശനത്തിന് ഒരാഴ്ച കൂടി കഴിയുമെന്ന് കരുതുന്നു. കഴിഞ്ഞ ആറുമാസമായി നിലവിലെ ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതു കാരണം ബസുകൾ ടികെ റോഡിൽ വൈഎംസിഎ ജംഗ്ഷനിലെ ബൈപാസ് പാലത്തിനടിയിലാണ് പാർക്ക് ചെയ്തിരുന്നത്. യാത്രക്കാർ ഇവിടെയെത്തിയാണ് ബസുകളിൽ കയറിയിരുന്നത്.
മഴക്കാലമായതോടെ പാർക്കിംഗ് ഏരിയായിൽ ചെളിയും വെള്ളവും നിറഞ്ഞതോടെ യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിലായി. 30 ലക്ഷം രൂപ ചെലവിലാണ് നിർമാണം നടത്തിയത്. മഴ പണികളെ ബാധിച്ചിരുന്നതായി കരാറുകാർ പറഞ്ഞു. കോൺക്രീറ്റ് ജോലികൾഇന്നു പൂർത്തിയാകും.
150 ഓളം ബസുകൾ പ്രതിദിനം വന്നു പോകുന്ന സ്റ്റാൻഡിൽ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ല. ശൗചാലയമോ വിശ്രമമുറിയോ ഉപയോഗ യോഗ്യമായിട്ടില്ല. ഷീറ്റ് പാകിയ ഒരു താത്കാലിക ഷെൽട്ടറാണ് ഇപ്പോഴുള്ളത്. ശുചിമുറിക്കും അടച്ചുകെട്ടൽ ഇല്ല. നിർമാണഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസനം നഗരസഭ ശ്രദ്ധിച്ചിരുന്നില്ല. ഏറെ വർഷങ്ങൾക്കുശേഷമാണ് ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് ചെയ്യാനെങ്കിലും തയാറായതെന്ന് പറയുന്നു.
ടികെ റോഡിൽ നിന്ന് ഒഴുകി എത്തുന്ന മഴ വെള്ളം യാത്രക്കാരുടെ നിലവിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് എത്തുന്നത്.വെള്ളവും വെളിച്ചവും പ്രാഥമികാവശ്യ സൗകര്യങ്ങളും ഒരുക്കി ബസ് സ്റ്റാൻഡ് വികസിപ്പിക്കണമെന്നാണാവശ്യം.