നഴ്സിംഗ് കോളജ്: അംഗീകാരമില്ലാതെ ഫലം തരില്ലെന്ന് കുഹാസ്
1571832
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ സർക്കാർ നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥികളുടെ കഴിഞ്ഞ സെമസറ്ററുകളുടെ ഫലം ആരോഗ്യ സർവകലാശാല പുറത്തുവിട്ടില്ല.
രണ്ട് സെമസ്റ്ററുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. സർവകലാശാലയിൽ ആരോഗ്യവകുപ്പ് സമ്മർദം ചെലുത്തിയതോടെ ഫലം പരിശോധിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിരുന്നു. ഒരു തവണ മാത്രമേ ഇത്തരത്തിൽ പരിശോധിക്കാനാകൂ.
അഖിലേന്ത്യ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം കോളജിനു ലഭിക്കാത്തതാണ് പ്രശ്നം. ആരോഗ്യ സർവകാലാശാല താത്കാലിക അംഗീകാരം നൽകിയാണ് കുട്ടികളെ ബിഎസ് സി നഴ്സിംഗ് പഠനത്തിനു പ്രവേശിപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഐഎൻസി അംഗീകാരം ഉടൻ വാങ്ങാമെന്ന ഉറപ്പിലായിരുന്നു പ്രവേശനം. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും പത്തനംതിട്ട നഴ്സിംഗ് കോളജിന് അംഗീകാരമായിട്ടില്ല. 2023ൽ തുടങ്ങിയ സംവിധാനങ്ങൾ മാത്രമേ ഇപ്പോഴും ഉള്ളൂ. സ്വന്തമായി സ്ഥലം കണ്ടെത്തി ഐഎൻസി വ്യവസ്ഥകൾ പ്രകാരമുള്ള കെട്ടിടം നിർമിച്ചെങ്കിൽ മാത്രമേ അനുമതി ലഭ്യമാകൂ.
സംസ്ഥാനത്ത് 2023ൽ പുതുതായി തുടങ്ങിയ അഞ്ച് നഴ്സിംഗ് കോളജിലെ ബാച്ചുകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ മറ്റു നാലിടങ്ങളിൽ രണ്ടാംവർഷക്കാർക്ക് അനുമതി നൽകി. മെഡിക്കൽ കോളജുകളോടു ചേർന്നായതിനാൽ അനുമതിക്കു തടസമുണ്ടായില്ല. ഈ കോളജുകളിലെ ഒന്നാംവർഷ ബാച്ചിനും തുടർന്ന് അനുമതി ലഭിച്ചേക്കും. എന്നാൽ പത്തനംതിട്ടയിൽ ഒരു ബാച്ചിനും അംഗീകമുണ്ടായിട്ടില്ല. മൂന്നാമത്തെ ബാച്ചിന്റെ പ്രവേശന നടപടികളും ആരംഭിച്ചിട്ടുണ്ട്. കോളജിന്റെ അടിസ്ഥാന പ്രശ്നങ്ങൾ സംബന്ധിച്ചു ജില്ലാ കളക്ടറുമായി ഈയാഴ്ച ചർച്ച നടക്കുമെന്ന് പിടിഎ പറയുന്നു.
മലയാലപ്പുഴയിലെ സ്വകാര്യ എൻജിനിയറിംഗ് കോളജ് കെട്ടിടത്തിലേക്ക് നഴ്സിംഗ് കോളജ് മാറ്റാനുള്ള ആലോചനയാണ് നടക്കുന്നത്. എൻജിനിയറിംഗ് കോളജ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇതിനായി സജ്ജമാക്കേണ്ടതുണ്ട്.
നഴ്സിംഗ് കോളജ് കുട്ടികൾ ക്ലിനിക്കൽ പഠനത്തിനായി ഇനി കോന്നി മെഡിക്കൽ കോളജിലാണ് പോകേണ്ടത്. രണ്ടാംവർഷ കുട്ടികൾക്ക് കഴിഞ്ഞയിടെ ക്ലിനിക്കൽ പഠനം കോട്ടയം മെഡിക്കൽ കോളജിലായിരുന്നു.
ഇവർക്ക് ബസ് വാങ്ങി നൽകുമെന്ന് മന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ബസ് ഉടനെത്തുമെന്നാണ് അധികൃതർ പറയുന്നത്. ഹോസ്റ്റൽ ഫീസ്, ഭക്ഷണം, യാത്രാച്ചെലവ് തുടങ്ങിയ ചെലവുകൾ ഏറുന്നതോടെ രക്ഷിതാക്കളുടെ ആശങ്കയും വർധിച്ചു. ഇതിനിടെയാണ് അനുമതി ലഭ്യമാകാത്ത വിഷയങ്ങളും നേരിടുന്നത്.