പിഎം റോഡ് നിറയെ അപകടക്കെണികൾ
1571177
Sunday, June 29, 2025 3:43 AM IST
പത്തനംതിട്ട: പിഎം റോഡ് പുനര്‍നിര്‍മാണത്തിനിടെ തര്ക്കങ്ങളില്പെട്ട സ്ഥലങ്ങള്‍ അപകടക്കെണികളായി മാറുന്നു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ രണ്ട് പതിറ്റാണ്ട് മുമ്പ് നടപടികളാരംഭിച്ച പിഎം റോഡിന്റെ നിര്‍മാണം ഇപ്പോഴും പൂര്‍ത്തീകരിക്കാനാകാത്തത് കെഎസ്ടിപിക്കും തലവേദനയായിരിക്കുകയാണ്.
റോഡിന്റെ പ്ലാച്ചേരി കോന്നി റീച്ചിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ളത്. മൈലപ്ര രണ്ടാം കലുങ്കിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം, മൈലപ്ര തയ്യില്‍പ്പടിക്ക് സമീപമുള്ള ഒന്നാം കലുങ്ക്, മൈലപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിനും മൈലപ്ര പോസ്റ്റ് ഓഫീസിനും മധ്യേയുള്ള സ്ഥലം, മൈലപ്ര തടിമില്ലിനു സമീപം കലുങ്കിനോടു ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കാന, റോഡിന്റെ വശത്തെ സംരക്ഷണ ഭിത്തി നിര്‍മാണം എന്നിവയും മൈലപ്ര പള്ളിപ്പടിക്കൽ, പത്തനംതിട്ടയ്ക്കു തിരിയുന്ന ഭാഗത്തു റോഡിന്റെ ഒരു വശത്തെ പണികളും ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്.
മൈലപ്ര പള്ളിപ്പടിക്കല്‍ നിന്നും പത്തനംതിട്ട ഭാഗത്തേ്ക്ക് തിരിയുന്ന റോഡിന്റെ മധ്യഭാഗത്തായി ഇതുവരെ ഡിവൈഡറുകളോ സിഗ്നല്‍ ലൈറ്റുകളോ അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. മണ്ണാറക്കുളഞ്ഞി ആശുപത്രിപടിക്കല്നിന്നും വടശേരിക്കരയ്ക്കും റാന്നിക്കും റോഡ് തിരിയുന്ന ഭാഗത്തും റോഡിനു തീരെ വീതിക്കുറവാണ്. റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ച ഡിവൈഡെറുകള് അശാസ്ത്രീയമായതും ഇരു ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തമ്മില്‍ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയുള്ളതുമാണ്. ഇവിടെയും അധികൃതര്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ല.
ഭൂമി ഏറ്റെടുക്കലും ബാക്കി
റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത് 2001ലാണ്. ലോകബാങ്ക് ധനസഹായത്തോടെ റോഡ് വികസനം പ്രഖ്യാപിച്ചതിനു പിന്നാലെ തുടങ്ങിയതാണ് നടപടികൾ. എന്നാല്‍ ഇതു പിന്നീട് തടസപ്പെട്ടു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയത് വൈകിയതാണ് കാരണം. 95 ശതമാനം ഭൂമി ഇടപാടുകളും നടത്തിയാണ് നിര്‍മാണം തുടങ്ങിയത്. തര്‍ക്കങ്ങള്‍ അവശേഷിച്ചത് മൈലപ്ര വില്ലേജിലാണ്.
ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം ഇല്ലായെന്ന പേരിലും സര്‍വേ നമ്പരിലെ പിശകുകളും തര്‍ക്കത്തിനിടയാക്കി. ഇത്തരത്തില്‍ തര്ക്കങ്ങളുന്നയിക്കപ്പെട്ടവര്ക്ക് ഭൂമി വില നല്‍കിയില്ല. ഇതേത്തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ തസപ്പെട്ടു. മൈലപ്ര പള്ളിപ്പടിക്കും മണ്ണാറക്കുളഞ്ഞിക്കും മധ്യേ തടസങ്ങള്‍ക്കു പ്രധാന കാരണവും ഇതാണ്.
അപകടങ്ങള്‍ പതിയിരിക്കുന്നു
നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥലങ്ങള്‍ അപകടക്കെണികളായി മാറിയിരിക്കുകയാണ്. സംസ്ഥാന പാതയിലെ തിരക്കും റോഡിനോടു ചേര്‍ന്ന തിട്ടയുടെ അപകടാവസ്ഥയും കലുങ്കിനുവേണ്ടിയുള്ള കുഴികളുമെല്ലാം അപകടക്കെണിയാണ്.
മണ്ണാറക്കുളഞ്ഞി മുതല്‍ മൈലപ്ര വഴി കുമ്പഴ റൂട്ടില്‍ പുതിയ റോഡ് നിര്‍മിച്ചതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ആറുപേരാണ് വിവിധ സ്ഥലങ്ങളിലായി വാഹന അപകടങ്ങളില്‍ മരണപ്പെട്ടത്. കുമ്പഴവടക്ക് മാര്ത്തോമ്മപ്പള്ളിപ്പടിക്കു സമീപം, കുമ്പഴവടക്ക് റേഷന്‍ കടയ്ക്ക് സമീപം, മൈലപ്രാ തടി മില്ലിന് സമീപം, മൈലപ്ര വില്ലേജ് ഓഫീസിനു സമീപം, മൈലപ്ര തയ്യില്പ്പടിയ്ക്ക് സമീപം, മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിക്ക് സമീപം എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങളില്‍ ആറുപേര്‍ മരണപ്പെട്ടത്.
കൂടാതെ ഈ റൂട്ടില്‍ നിരവധി വാഹന, കാല്‍നട യാത്ര അപകടങ്ങളും പലപ്പോഴായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.