കള്ളക്കേസ് ചുമത്തി റിമാന്‍ഡ്: പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ഉണ്ടായില്ലെന്ന്
1571182
Sunday, June 29, 2025 3:43 AM IST
പത്തനംതിട്ട: യുവാക്കളെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തതായ ആരോപണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നു പരാതി.
2021 ഏപ്രില്‍ 26 ന് അയിരുര്‍ കോറ്റാത്തൂര്‍ ചരുവില്‍ സി.എസ്. പ്രദീപ്, അയിരൂര്‍ സൗത്ത് പള്ളിപ്പറമ്പില്‍ മോന്‍സി ജോസഫ്, മാരാമണ്‍ തകിടിപ്പുറത്ത് ദീപുകുമാര്‍ എന്നിവരെ കേസെടുത്ത് റിമാന്‍ഡ് ചെയ്ത അന്നത്തെ കോയിപ്രം എസ്എച്ച്ഒ ഗോപി, എസ്ഐ രാജന് ബാബു എന്നിവര്‍ക്കെതിരേയാണ് പത്തനംതിട്ട അഡീഷണല്‍ എസ്പി, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവര്‍ അന്വേഷണം നടത്തി നടപടിക്ക് ശിപാര്‍ശ ചെയ്തത്.
നാലു വര്‍ഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, ഇവര്‍ക്ക് സ്ഥാനക്കയറ്റം അടക്കം ലഭിക്കുകയും ചെയ്തുവെന്ന് ജയിലില്‍ അടയ്ക്കപ്പെട്ട മോന്‍സി ജോസഫ്, ദീപുകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മോന്‍സിയും പ്രദീപും സഞ്ചരിച്ചിരുന്ന കാറിനു നേരേ ക്രഷര്‍ യൂണിറ്റില്‍ നിന്ന് പാറപ്പൊടിയുമായി ഇറങ്ങി വന്ന ടിപ്പര്‍ ലോറി ഇടിക്കാന്‍ ചെന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ലോറി ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ദൃക്സാക്ഷികളായ നാട്ടുകാര്‍ കൂടി ചേര്‍ന്ന് ലോറി തടഞ്ഞിട്ടു. മോന്‍സി ഈ വിവരം കോയിപ്രം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചു. എസ്ഐ രാജന് ബാബുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തു വന്ന പോലീസ് അപകടം ഉണ്ടാക്കാന്‍ ശ്രമിച്ച ടിപ്പര്‍ ലോറി കസ്റ്റഡിയില്‍ എടുത്തു.
അതിന്റെ ഡ്രൈവറെയും മോന്‍സി, പ്രദീപ് എന്നിവരെയും സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പരാതിക്കാരായ മോന്‍സിയെയും പ്രദീപിനെയും ലോറി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്യുകയാണുണ്ടായത്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന ദീപുവിനെയും പ്രതി ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിചാരണക്കോടതിയില്‍ ചെല്ലാനായിരുന്നു ദീപുവിന് കിട്ടിയ നിര്‍ദേശം.
ഇതു പ്രകാരം, കോടതിയില്‍ ചെന്ന ദിപുവിനെയും റിമാന്‍ഡ് ചെയ്തു. മൂവരും ആറു ദിവസം ജയിലില്‍ കഴിഞ്ഞു. ജയിലില്‍ നിന്ന് കോവിഡ് ബാധിച്ചാണ് ദീപു തിരികെയെത്തിയത്. കുടുംബാംഗങ്ങളിലേക്കും രോഗം പടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെ ആറു ലക്ഷത്തോളം ചികിത്സയ്ക്കായി ചെലവഴിച്ചെന്ന് ദീപു പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇവര്‍ക്കെതിരേ നടപടിക്കും ശിപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് പോലീസ് പൂഴ്ത്തി വച്ചു. ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോള്‍ പല തവണ യുവാക്കള്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്കി. ഓരോ തവണയും വിളിച്ച് മൊഴി എടുക്കുമെന്നല്ലാതെ പിന്നീടൊന്നും സംഭവിക്കാറില്ലെന്ന് പറയുന്നു. ഏറ്റവുമൊടുവിലായി കഴിഞ്ഞ 12 ന് തിരുവല്ല ഡിവൈഎസ്പി വിളിപ്പിച്ചു വീണ്ടും മൊഴി എടുത്തു.
ഇതിനിടെ കേസിലെ വാദിയായ ലോറിയുടെ ഡ്രൈവര്‍ സ്വന്തം ചെലവില്‍ ഇത് കള്ളക്കേസാണെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി റദ്ദാക്കുകയും ചെയ്തു. ലോറി ഉടമയുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ യുവാക്കള്‍ക്കെതിരേ മൊഴി നല്കാന് നിര്‍ബന്ധിതനായതെന്ന് ഡ്രൈവര്‍ തങ്ങളോട് പറഞ്ഞിരുന്നുവെന്ന് ദീപുവും മോന്‍സിയും പത്രസമ്മേളനത്തില്‍ പറഞ്ഞു.