ആണ്‍കുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം യുവാവിന് 30 വര്‍ഷം കഠിനതടവും പിഴയും
1571548
Monday, June 30, 2025 3:29 AM IST
പത്തനംതിട്ട: ഒമ്പത് വയസു കഴിഞ്ഞ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ മോടിയില്‍ വീട്ടില്‍ ലിതിന് തമ്പിയെ (25)യാണ് പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
ആറന്മുള പോലീസ് 2020 ഒക്ടോബര്‍ 29ന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിധി. 2019 ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 30 നുമിടയിലുള്ള കാലയളവിലാണ് കുട്ടിക്ക് ഇയാളില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ നേരിട്ടത്.
മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയ ശേഷമായിരുന്നു പീഡനം. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്വങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വിവരങ്ങള്‍ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം 25 വര്‍ഷവും ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവര്‍ഷവുമാണ് ശിക്ഷിച്ചത്.
ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ആറന്മുള എസഐ ആയിരുന്ന എസ് എസ് രാജീവാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം ആര് സുരേഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി. കോടതി നടപടികളില്‍ എഎസഐ ഹസീന സഹായിയായി.