ബി ആൻഡ് സി ബ്ലോക്കിന് അറ്റകുറ്റപ്പണികൾ; ജനറൽ ആശുപത്രിയിൽ കിടത്തി ചികിത്സ നിലയ്ക്കും
1572104
Wednesday, July 2, 2025 3:15 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന കിടത്തി ചികിത്സ വിഭാഗങ്ങളും പൂർണമായി നിലയ്ക്കും. കെട്ടിടത്തിന്റെ പണികൾക്കുവേണ്ടി അടച്ചിടുന്നതിനാലാണിത്. ഇതേ ബ്ലോക്കിലെ എല്ലാ ശസ്ത്ക്രിയ വിഭാഗങ്ങളും കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണ്. ഇതിനൊപ്പം കിടത്തി ചികിത്സയും കോന്നിയിലേക്കു മാറ്റപ്പെടും. 414 കിടക്കകളാണ് നിലവിൽ ബി ആൻഡ് സി ബ്ലോക്കിലുള്ളത്.
ആശുപത്രിയുടെ പഴയ അത്യാഹിത വിഭാഗം പൊളിച്ചുനീക്കിയതോടെ ഐപി വിഭാഗത്തിലെ കിടക്കകളുടെ എണ്ണം കുറഞ്ഞിരുന്നു. ഈ വാർഡിൽ പ്രവർത്തിച്ചിരുന്ന മൈനർ ഓപ്പറേഷൻ വിഭാഗത്തിലെ ഐപി വിഭാഗം നിലവിൽ ശബരിമല വാർഡിലുണ്ട്. എന്നാൽ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ കോന്നിയിലേക്ക് മാറുകയാണെങ്കിൽ രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കാൻ ബുദ്ധിമുട്ടാകും.
ഫലത്തിൽ ജനറൽ ആശുപത്രിയിൽ ഒപി, അത്യാഹിത വിഭാഗങ്ങൾ മാത്രമായിരിക്കും ഇനി ഉണ്ടാകുക. ശസ്ത്രക്രിയ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായാണ് തീരുമാനമെടുത്തിരിക്കുന്നത്.
എല്ലാ വിഭാഗം ഒപിയും ജനറൽ ആശുപത്രിയിൽ തുടരും. ഒപിയിലെത്തുന്നവരിൽ കിടത്തി ചികിത്സ വേണ്ടവരെ കോന്നി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെയും ഇനി കോന്നിയിലേക്ക് മാറ്റും. 17 കിലോമീറ്റർ അകലെ കോന്നി മെഡിക്കൽ കോളജിലേക്ക് തുടർ ചികിത്സയ്ക്ക് ആളുകളെ എങ്ങനെ എത്തിക്കുമെന്നതിൽ അവ്യക്തത തുടരുകയാണ്.
ഒപിയിലെത്തുന്നവരിൽ കിടത്തി ചികിത്സ വേണ്ടവരെ മെഡിക്കൽ കോളജിലെത്തിക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തുമെന്ന നിർദേശം പ്രാവർത്തികമാക്കുന്നതു സംബന്ധിച്ചും തീരുമാനമുണ്ടായിട്ടില്ല. ഇതോടൊപ്പം നിലവിൽ ജനറൽ ആശുപത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെയും ജീവനക്കാരെയും മെഡിക്കൽ കോളജിലേക്ക് എത്തിക്കാനും ക്രമീകരണം വേണ്ടിവരും. എച്ച്എംസി ഫണ്ട് ഉപയോഗപ്പെടുത്തി ചികിത്സാ സൗകര്യം ഉറപ്പാക്കാനാകില്ല.
എച്ച്എംസി തീരുമാനം ഇക്കാര്യങ്ങളിലുണ്ടായിട്ടില്ലെന്നതു തന്നെ പ്രധാന കാരണമായി. ജില്ലാ പഞ്ചായത്ത് യോഗത്തിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ല. ആശുപത്രി സംവിധാനങ്ങൾ കുറയുന്നതോടെ എച്ച്എംസി ഫണ്ടിലും ഭീമമായ കുറവുണ്ടാകും.
എൻഎച്ച്എം ഫണ്ട് നൽകും; നിർമാണം അതിവേഗം
ബി ആൻഡ് സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾക്കായി കേന്ദ്ര ഫണ്ടാണ് വിനിയോഗിക്കുക. നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും 5.5 കോടി രൂപ ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്. ഇൻകെല്ലാണ് നിർവഹണ ഏജൻസിയെങ്കിലും ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പണികൾ നടത്തുന്നത്.
ഫണ്ട് ലഭ്യമാണെന്നതിനാൽ അതിവേഗം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. നിലവിലെ കെട്ടിടത്തിന്റെ ചോർച്ച, ശൗചാലയങ്ങളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും തകരാറുകൾ എന്നിവ പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഇതിനായുള്ള തയാറെടുപ്പുകൾ തുടങ്ങി. ബ്ലോക്കിലെ ലിഫ്റ്റിന്റെ പണികൾ നടന്നുവരികയാണ്. ഇത് പൂർത്തിയാകുന്നതോടെ മെഷീനുകളടക്കം താഴെ ഇറക്കും. ശസ്ത്രക്രിയകൾ അടക്കം ജനറൽ ആശുപത്രിയിൽ തുടർന്ന് ഉണ്ടാകില്ല. ഇവയെല്ലാം കോന്നി മെഡിക്കൽ കോളജിലായിരിക്കും ചെയ്യുക. ജീവനക്കാരുടെ പുനർവിന്യാസം അടക്കമുള്ള ഉത്തരവുകൾ എത്തുന്നതോടെ ആശുപത്രി മാറ്റം പൂർണമാകും.