തുടക്കത്തിലേ കല്ലുകടി; സിപിഎമ്മിന് എഴുമറ്റൂരില്‍ പുതിയ ഏരിയാ കമ്മിറ്റി
1572115
Wednesday, July 2, 2025 3:27 AM IST
എഴുമറ്റൂർ: സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി വിഭജിച്ച് എഴുമറ്റൂരില്‍ പുതിയ കമ്മിറ്റി. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം തുടക്കത്തിലേ കല്ലുകടിയായി മാറി. ജില്ലാ നേതൃത്വം ഏകപക്ഷീയമായി പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതാണ് പ്രദേശത്തെ ലോക്കല്‍ കമ്മിറ്റികളില്‍ രൂക്ഷമായ ഭിന്നതയ്ക്ക് ഇടവരുത്തിയിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന മല്ലപ്പള്ളി ഏരിയ കമ്മിറ്റി വിഭജിച്ചാണ് എഴുമറ്റൂരില്‍ പുതിയ ഏരിയ കമ്മിറ്റി നിലവില്‍ വന്നത്. കോഴഞ്ചേരി ഏരിയയിലെ അയിരൂര്‍, ചെറുകോല്‍ ലോക്കല്‍ കമ്മിറ്റികളും എഴുമറ്റൂര്‍ ഏരിയാ കമ്മിറ്റിയുടെ ഭാഗമായി. മല്ലപ്പള്ളി ഏരിയായിലെ കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകൾ പുതിയ കമ്മിറ്റിയിലായി.
കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയായിരുന്ന തെള്ളിയൂർ സ്വദേശി ബി. ഹരികുമാറാണ് പുതിയ ഏരിയാ സെക്രട്ടറി. എന്നാൽ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെയും വര്‍ഷങ്ങളായി വിദേശത്ത് ജോലി നോക്കുന്നവരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.
അയിരൂരിൽ നിന്നുള്ള പ്രാദേശിക നേതാവിനെ കമ്മിറ്റിയംഗമാക്കിയതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. അയിരൂർ വില്ലേജ് സർവീസ് സഹകരണബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നേതാവിനെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
ഒരുവിഭാഗം യോഗം ബഹിഷ്കരിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും മുതിര്‍ന്ന നേതാക്കളിടപ്പെടുകയായിരുന്നു. ജില്ലാ കമ്മിറ്റി അവതരിപ്പിച്ച ഏരിയ കമ്മിറ്റിയുടെ പാനലില്‍ പുതുതായി ഉള്‍പ്പെടുത്തിയ അംഗങ്ങളെ സംബന്ധിച്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്.
നിലവിലുള്ള ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടോ ഏരിയ കമ്മിറ്റി അംഗങ്ങളുടോ അഭിപ്രായം ചോദിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലാ നേതൃത്വം അംഗീകരിച്ചില്ല.
ഏരിയയിലെ പാര്‍ട്ടി ബഹുജന സംഘടനകളുടെ നേതൃനിരയിലുള്ള പ്രവര്‍ത്തകരെയും പരിഗണിക്കാതെയാണ് ജില്ലാ നേതൃത്വം ഇത്തരത്തില്‍ ലിസ്റ്റ് തയാറാക്കിയതെന്നും പ്രതിഷേധം അറിയിച്ചിട്ടും ജില്ലാ നേതൃത്വം കടുത്ത നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും പ്രാദേശിക നേതാക്കള്‍ കുറ്റപ്പെടുത്തി.
അതേ സമയം മല്ലപ്പള്ളി ഏരിയാ സെക്രട്ടറിയായി ബിനു തുടരും. കല്ലൂപ്പാറ, ആനിക്കാട്, കുന്നന്താനം, മല്ലപ്പള്ളി പഞ്ചായത്തുകളിലെ എട്ട് ലോക്കൽ കമ്മിറ്റികളാണ് ഇനി മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഭാഗമായി ഉണ്ടാകുക.