കോന്നി മെഡിക്കൽ കോളജ് അനാസ്ഥയുടെ മുഖമുദ്ര: അടൂർ പ്രകാശ്
1572108
Wednesday, July 2, 2025 3:15 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് കോന്നി സർക്കാർ മെഡിക്കൽ കോളജെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ ശോച്യാവസ്ഥയ്ക്കും ആരോഗ്യവകുപ്പിലെ അഴിമതിക്കുമെതിരേ ഡിസിസി നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളജിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുകളും ഇല്ലാതെ സംസ്ഥാനത്തെ മെഡിക്കല്‍ കോളകളുടെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായിരിക്കുകയാണെന്നും ആരോഗ്യവകുപ്പില്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കൊടികുത്തി വാഴുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡിസിസി മുൻ പ്രസിഡന്റ് പി. മോഹന്‍രാജ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീൻ, കെപിസിസി അംഗം മാത്യു കുളത്തിങ്കൽ, കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല തുടങ്ങി യവർ പ്രസംഗിച്ചു.
ആരോഗ്യമന്ത്രി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നു: പുതുശേരി
പത്തനംതിട്ട: ഉപകരണങ്ങളും സാധനസാമഗ്രികളും ഇല്ലാത്തതിനാൽ ശാസ്ത്രക്രിയകൾ വരെ മാറ്റിവയ്ക്കേണ്ടിവരുന്ന സാഹചര്യം മെഡിക്കൽ കോളജ് ഡോക്ടർ ഡോ. ഹാരിസ് വിശദീകരിച്ചത് സിസ്റ്റത്തിന്റെ തകരാറാണെന്നു പറഞ്ഞു തടിതപ്പാൻ ആരോഗ്യമന്ത്രി നടത്തുന്ന ശ്രമം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്നതുപോലെ സർക്കാർ ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ കഴിയില്ലെന്ന അവാസ്തവമായ ന്യായവാദം ഉയർത്തി വീണിടത്ത് കിടന്ന് ഉരുളാനാണ് ഇപ്പോഴും മന്ത്രി ശ്രമിക്കുന്നത്.
ഇത് ഒറ്റപ്പെട്ട കാര്യമല്ല, മറിച്ച് കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി നിലനിൽക്കുന്ന സ്ഥിതി വിശേഷമാണെന്ന് പുതുശേരി അഭിപ്രായപ്പെട്ടു. സർക്കാർ ആശുപത്രികൾ ഓരോ വർഷവും മുൻകൂട്ടി നൽകുന്ന ഇൻഡന്റുകളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സർവീസ് കോർപറേഷൻ ടെൻഡർ വിളിച്ച് സാധനങ്ങൾ വാങ്ങി നൽകുന്ന രീതിയാണുണ്ടായിരുന്നത്.
ഇതു തകർത്ത് പഞ്ഞിയും നൂലുമടക്കമുള്ള സാധനസാമഗ്രികൾ എല്ലാം രോഗികൾ വാങ്ങി നൽകേണ്ട ദുരവസ്ഥ മൂന്നു വർഷത്തിലേറെയായി നിലനിന്നിട്ടു അതു പരിഹരിക്കാതെ അതു സൗകര്യമായി കണ്ട് ഉപയോഗപ്പെടുത്തുകയായിരുന്നു മന്ത്രിയും സർക്കാരും. അത് ചൂണ്ടിക്കാട്ടിയവരെ പരിഹസിക്കുകയും സർക്കാർ വിരുദ്ധരായി ചിത്രീകരിക്കുകയുമാണ് ചെയ്തത്.
ആരോഗ്യ കേരളം എന്ന അഭിമാന നേട്ടത്തിന് അടിത്തറ ഇട്ട മെഡിക്കൽ കോളജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികളെ അസ്ഥിപഞ്ജരാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കുള്ളതാണെന്നും പുതുശേരി പറഞ്ഞു.