നെൽപ്പാടത്ത് ഓപ്പറേഷൻ സിന്ദൂർ വിരിയിച്ച് അജയകുമാർ
1572109
Wednesday, July 2, 2025 3:15 AM IST
കോഴഞ്ചേരി: ഭാരതത്തിന് അഭിമാനമായി മാറിയ ഓപ്പറേഷന് സിന്ദൂറിന് അഭിവാദ്യം അർപ്പിച്ച് പാടത്ത് നെൽവിത്തുകൾ മുളപ്പിച്ച് ജൈവ കര്ഷകൻ അജയകുമാര്‍ വല്ല്യൂഴത്തിൽ. അജയ് ഫാമെന്ന പുല്ലാട്- വള്ളിക്കാലയിലുള്ള കൃഷിയിടത്തിലാണ് ഓപ്പറേഷന് സിന്ദൂര്‍ നെൽച്ചെടികൾ കിളിർത്തത്.
ഇതോടൊപ്പം റാഫേല്‍ വിമാനങ്ങളും സൈനികരും നെല്‍ക്കതിരുകളായി മുളച്ചു നിൽക്കുന്നുണ്ട്. 25 സെന്റ് സ്ഥലത്താണ് ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക നടപടിക്ക് അഭിവാദ്യം അർപ്പിച്ച് നെല്‍വിത്തുകള്‍ ഒരുക്കിയിരിക്കുന്നത്.
മലയാളികള്‍ക്ക് അന്യമായിട്ടുള്ള 60ല്‍പരം ഔഷധ ഗുണങ്ങളുള്ള നെല്‍വിത്തുകളാണ് അജയകുമാര്‍ കഴിഞ്ഞ കാലങ്ങളില്‍ തന്റെ കൃഷിയിടത്തിലൂടെ പരിചയപ്പെടുത്തിയത്.മധ്യപ്രദേശിൽ നിന്നുള്ള സിന്ദൂര്‍ വയലറ്റ് എന്ന വിത്താണ് കൃഷിയിടത്തില്‍ വിതച്ചിരിക്കുന്നത്. മലയാളികള്‍ക്ക് പരിചയമുളള പച്ചയിൽനിന്നും വ്യത്യസ്തമായി കറുത്ത നിറത്തിലാണ് ഈ നെല്‍വിത്തുകള്‍ വളരുന്നത്.
റാഫേല്‍ വിമാനം ഉപയോഗിച്ച് ഭാരതം ലക്ഷ്യം സാധൂകരിച്ചത് ജനഹൃദയങ്ങളിലെത്തിക്കുന്നതിനുവേണ്ടിയാണ് തന്റെ കൃഷിയിടം ഇത്തരത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് അജയകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ക്കുള്ള ഒരു ബിഗ് സല്യൂട്ട് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഈശോയുടെ രൂപം നെൽപ്പാടത്ത് വിരിയിച്ച് ശ്രദ്ധേയനായി.
വിവാദമായ ആറന്മുള വിമാനത്താവളത്തിന് സമീപമുള്ള സ്ഥലത്ത് കരിമ്പുകൃഷിയും അജയകുമാര്‍ ചെയ്യുന്നുണ്ട്. ജൈവ വൈവിധ്യ ബോര്‍ഡിന്റെ അവാര്‍ഡ് ജേതാവുകൂടിയായ അജയകുമാര്‍ ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനത്താനങ്ങളിലുള്ള നെല്‍വിത്തുകള്‍ തന്റെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതോടുകൂടി ദേശീയോദ്ഗ്രഥനവും ലക്ഷ്യമാക്കുന്നുണ്ട്.
വ്യത്യസ്തമായ നെല്‍വിത്തുകളായതിനാല്‍ ചിങ്ങമാസത്തില്‍ ഉത്സവത്തോടുകൂടി കൊയ്ത്തു നടത്താനാണ് ലക്ഷ്യമിടുന്നത്. ജൈവ- പാരമ്പര്യ കൃഷി രീതിയാണ് അജയകുമാറിനെ വ്യത്യസ്തനാക്കുന്നത്.