സ്വകാര്യ ഫ്ളാറ്റിലെ നിയമലംഘനങ്ങൾക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ
1572110
Wednesday, July 2, 2025 3:15 AM IST
പത്തനതിട്ട: കാതോലിക്കേറ്റ് കോളജ് ജംഗ്ഷനിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ വിവിധ സർക്കാർ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിൽ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
ഫ്ലാറ്റ് സമുച്ചയത്തിൽ ദ്രവമാലിന്യസംസ്കരണസംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് മുനിസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ഫ്ലാറ്റിന് നൽകിയ പ്രവർത്തനാനുമതി 2021 മേയിൽ കാലഹരണപ്പെട്ടു. സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനമില്ല.
കേരള മുൻസിപ്പാലിറ്റി ആക്റ്റിലെ വിവിധ വകുപ്പുകൾ ലംഘിക്കപ്പെട്ടു. മുൻസിപ്പൽ സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകൾ 10 ദിവസത്തിനകം പരിഹരിക്കണമെന്ന് കമ്മീഷൻ ഫ്ലാറ്റ് ഉടമയ്ക്കു നിർദ്ദേശം നൽകി.
നടപടി സ്വീകരിച്ചില്ലെങ്കിൽ മുൻസിപ്പാലിറ്റി ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഫ്ലാറ്റ് ഉടമക്കെതിരെ 15 ദിവസത്തിനകം മുൻസിപ്പൽ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.