ധന്യൻ മാർ ഈവാനിയോസ് ഓർമത്തിരുനാൾ പെരുനാട് കുരിശുമല പള്ളിയിൽ
1572117
Wednesday, July 2, 2025 3:27 AM IST
പെരുനാട്: പുനരൈക്യ പ്രസ്ഥാനത്തിന്റെ പിള്ളത്തൊട്ടിലായ റാന്നി - പെരുനാട് കുരിശുമല തീർഥാടന പള്ളിയിൽ ധന്യൻ മാർ ഈവാനിയോസിന്റെ അനുസ്മരണവും 72 -ാമത് ഓർപ്പെരുന്നാളും പത്തുവരെ നടക്കും. എല്ലാദിവസവും വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥനയേ തുടർന്ന് വിശുദ്ധ കുർബാന ഉണ്ടാകും.
ഇന്ന് വൈകുന്നേരം പന്തളം വൈദികജില്ലയിലെ വൈദികരുടെ കാർമികത്വത്തിലാണ് തിരുനാൾ. നാളെ മാർത്തോമ്മ ശ്ലീഹയുടെ ദുക്റാനാ തിരുനാൾ ആചരണം. നാലിന് കുർബാനയ്ക്ക് കോന്നി വൈദികജില്ലയിലെയും അഞ്ചിന് സീതത്തോട് വൈദികജില്ലയിലെയും വൈദികർ ദിവ്യബലി അർപ്പിക്കും.
ആറിനു രാവിലെ ഏഴിന് ബഥനി സുപ്പീരിയർ ജനറാൾ ഫാ. ഗീവർഗീസ് കുറ്റിയിൽ ഒഐസി കുർബാനയ്ക്കു കാർമികനാകും. ഏഴിനു പത്തനംതിട്ട വൈദികജില്ലയിലെയും എട്ടിന് പെരുനാട് വൈദികജില്ലയിലെയും വൈദികർ കുർബാന അർപ്പിക്കും.
ഒന്പതിനു വൈകുന്നേരം 4.30ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്ന് വള്ളിക്കുരിശ് പ്രയാണ സ്വീകരണം, പദയാത്ര ഒരുക്കധ്യാനം. തുടർന്ന് ‘മഹാരഥൻ മാർ ഈവാനിയോസ്’ കഥാപ്രസംഗ ആവിഷ്കാരം. കല്ലട വി. ജോസ് കാഥികനാകും.
പത്തിനു രാവിലെ 6.30ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ കുർബാനയെ തുടർന്ന് എംസിവൈഎം നേതൃത്വത്തിൽ തിരുവനന്തപുരത്ത് ധന്യൻ മാർ ഈവാനിയോസിന്റെ കബറിങ്കലേക്കുള്ള പദയാത്രയ്ക്കു തുടക്കമാകും. 14ന് തിരുവനന്തപുരത്തെത്തുന്ന കാൽനട തീർഥാടകസംഘം 15നു നടക്കുന്ന ഓർമപ്പെരുന്നാളിലും പങ്കെടുത്തശേഷമാകും മടങ്ങുക.