കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, ഒപി കൗണ്ടർ തടസപ്പെട്ടു
1572105
Wednesday, July 2, 2025 3:15 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ നാല് താത്കാലിക ജീനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതോടെ ഒപി കൗണ്ടർ പ്രവർത്തനം മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ മുതൽ നാല് ജീവനക്കാർ ജോലിക്ക് എത്തേണ്ടതില്ലെന്ന് തലേന്നു വൈകുന്നേരമാണ് അറിയിച്ചത്.
17 വർഷത്തോളമായി ജോലിയെടുക്കുന്ന ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതിനെതിരേ ഇതര താത്കാലിക ജീവനക്കാർ ഉൾപ്പെടെ പ്രതിഷേധിച്ചു. പിരിച്ചുവിടപ്പെട്ടവരിൽ രണ്ടു പേർ ഒപി വിഭാഗത്തിലും രണ്ടു പേർ എക്സ്റേ ഡ്യൂട്ടിയിലും ഉള്ളവരായിരുന്നു.
രാവിലെ ഒപി കൗണ്ടറിൽ ജീവനക്കാർ ഇല്ലാതെ വന്നതോടെ ആശുപത്രിയിലെത്തിയ രോഗികളടക്കം വലഞ്ഞു. ഇതര താത്കാലിക ജീവനക്കാർ കൂടി സൂചന സമരം പ്രഖ്യാപിച്ചതോടെ രോഗികളുടെ തിരക്ക് വർധിച്ചു. ബദൽ സംവിധാനം ഏർപ്പെടുത്താനും കഴിഞ്ഞില്ല. രാവിലെ 6.30 മുതൽ ടിക്കറ്റ് എടുക്കാൻ ക്യൂവിൽ നിൽക്കുന്നവരായിരുന്നുരോഗികൾ. നാല് ഒപി കൗണ്ടറാണുള്ളത്. എല്ലാ കൗണ്ടറിന് മുന്നിലും മണിക്കൂറുകളോളം നീണ്ട നിരയുണ്ടായി.
മണിക്കൂറോളം ക്യൂവിൽനിന്നു വലഞ്ഞ ആളുകൾ ബഹളംവയ്ക്കാനും തുടങ്ങി. ജീവനക്കാരുമായി തർക്കവും ഉണ്ടായി. ഇതിനിടെ പോലീസും വന്നു. പുതിയ ജീവനക്കാരെ കൗണ്ടറിലേക്ക് നിയോഗിച്ചു പ്രശ്ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും ഇവരുടെ പരിചയക്കുറവ് തടസമായി.
സമരത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ സംഘടനകളും എത്തിയതോടെ പ്രശ്ന പരിഹാരത്തിന് ഭരണകക്ഷി നേതാക്കൾ ഇടപ്പെട്ടു. പിരിച്ചുവിപ്പെട്ടവർക്ക് സിപിഎം ബന്ധമുള്ളതിനാൽ പ്രശ്നപരിഹിരത്തിനു ചർച്ചയാകാമെന്നായി. ഇതോടെ സമരം പിൻവലിച്ച് ജീവനക്കാർ ജോലിക്കെത്തി.
കാരണം കാണിക്കൽ നോട്ടീസില്ല
പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല. എച്ച്എംസി മുഖേന നിയമിതരായവരാണിവർ. ഗർഭിണിയായ യുവതിയും ഇക്കൂട്ടത്തിലുൾപ്പെടുന്നു. ഇവർക്കുള്ള ഇഎസ്ഐ ആനുകൂല്യം പോലും ഇതോടെ തടസപ്പെട്ടു.
കുടുംബ പാരാബ്ദങ്ങളേറെയുള്ളവരാണ് പിരിച്ചുവിടപ്പെട്ടവരെന്നും വർഷങ്ങളായി ജോലി ചെയ്യുന്ന ഇവരെ രാഷ്ട്രീയ മര്യാദ പോലും കാട്ടാതെയാണ് പറഞ്ഞുവിട്ടതെന്നും സിപിഎം പ്രാദേശിക നേതാക്കൾക്കും അഭിപ്രായമുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നു.
നിലവിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് ജനറൽ ആശുപത്രി. നിലവിലെ താത്കാലിക ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കാനുള്ള അണിയറ നീക്കങ്ങളും ഇതിനു പിന്നിലുള്ളതായി പറയുന്നു.
ജീവനക്കാരെ സംബന്ധിച്ച കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ രോഗികളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് പിരിച്ചുവിടലെന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ ഇതൊരു കാരണം സൃഷ്ടിക്കലാണെന്നാണ് ജീവനക്കാരുടെ ഭിപ്രായം. എച്ച്എംസിക്കു ഫണ്ടില്ലെന്ന ന്യായീകരണത്തിലും കഴന്പില്ല. പ്രതിദിനം ജനറൽ ആശുപത്രി എച്ച്എംസിക്ക് ഒരു ലക്ഷം രൂപയുടെ വരുമാനമുണ്ട്.