കരിക്കിനേത്ത് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം: ഡിഐജി അന്വേഷിക്കും
1572418
Thursday, July 3, 2025 3:22 AM IST
പത്തനംതിട്ട: ഒരു ദശാബ്ദം പിന്നിട്ട കരിക്കിനേത്ത് കൊലപാതകവുമായി ബന്ധപ്പെട്ട് റൗഡി ലിസ്റ്റിൽ പ്പെട്ട അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച സംഭവത്തിൽ ഡിഐജി അന്വേഷണം തുടങ്ങി. ആലപ്പുഴ ഡിവൈഎസ്പി എം.ആർ മധുബാബു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയേ തുടർന്നാണ് അന്വേഷണം.
പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ ജീവനക്കാരനായിരുന്ന ബിജു എം.ജോസഫ് 2013 നവംബർ അഞ്ചിന് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രശാന്ത് വി. കുറുപ്പിനെ നിയമിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നൽകിയ നിർദേശമാണ് വിവാദമായത്.
2015 -ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്തുവർഷമായിട്ടും വിചാരണ ഉണ്ടായില്ല. എന്നാൽ ഇപ്പോൾ കേസ് കോടതിയിൽ പരിഗണിച്ചിരിക്കുകയാണ്. ഡിവൈഎസ്പി മധുബാബു പത്തനംതിട്ട സിഐ ആയിരുന്നപ്പോൾ, പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന പ്രശാന്ത് വി. കുറുപ്പുമായി ചില അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. പിന്നീട് പത്തനംതിട്ടയിൽ നിന്നും സ്ഥലം മാറിപ്പോയ മധുബാബു ഇപ്പോൾ ആലപ്പുഴ ഡിവൈഎസ്പിയാണ്.
പത്തു വർഷത്തിനു ശേഷം കേസ് കോടതിയിൽ വരുമ്പോൾ സ്പെഷൽ പ്രോസിക്യൂട്ടറായി പ്രശാന്ത് വി.കുറുപ്പ് എത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്നാണ് ഡിവൈഎസ്പി മധുബാബു പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാറിനെതിരേ പരാതിയുമായി രംഗത്തു വന്നത്.
ഇക്കാര്യം എസ്പി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അഭിഭാഷകൻ പ്രശാന്ത് വി. കുറുപ്പ് റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നതാണ് ഡിഐജി അന്വേഷിക്കുന്നത്. സ്പെഷൽ പ്രോസിക്യൂട്ടറായി അദ്ദേഹത്തെ നിയമിക്കുന്നതിന് മുമ്പു തയാറാക്കിയ പോലീസ് വേരിഫിക്കേഷൻ റിപ്പോർട്ടും പരിശോധിക്കും. കൂടാതെ കരിക്കിനേത്ത് കൊലപാതകത്തിന്റെ നാൾ വഴികളും ഇതിന്റെ ഭാഗമാകും.
ഭാര്യയുമായി നിലനിന്ന കുടുംബ പ്രശ്നം മാത്രം കണക്കിലെടുത്ത് 2014 കാലത്താണ് അന്നത്തെ പത്തനംതിട്ട സിഐ ആയിരുന്ന മധു ബാബു പ്രശാന്തിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവുമുണ്ട്.
സ്വഭാവദൂഷ്യം, കൊലപാതക ശ്രമം, സാക്ഷിയെ ഭീഷണിപ്പെടുത്തൽ, മകളെ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിക്കുക തുടങ്ങിയവയാണ് കേസിന് ആധാരം. കരിക്കിനേത്ത് കേസിലെ പ്രതികൾക്കുവേണ്ടി കേരളത്തിലെ ഉന്നത അഭിഭാഷകരാണ് ഹാജരാകുന്നത്.
ഒന്നാം പ്രതി കരിക്കിനേത്തിനു വേണ്ടി പ്രമുഖ അഭിഭാഷകൻ ബി.രാമൻപിള്ളയും രണ്ടാം പ്രതി ബേബി കരിക്കിനേത്തിനായി സുനിൽ മഹേശ്വരനും മൂന്നാം പ്രതി ജോഷ്വാ കരിക്കിനേത്തിനു വേണ്ടി നവീൻ എം. ഈശോയുമാണ് ഹാജരാകുന്നത്. പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ പോലീസ് നിരവധി അഭിഭാഷകരെ സമീപിച്ചിരുന്നു. എന്നാൽ അവരെല്ലാം ഒഴിഞ്ഞു മാറിയപ്പോഴാണ് കേസ് എറ്റെടുക്കാൻ പ്രശാന്ത് വി. കുറുപ്പ് സന്നദ്ധത അറിയിച്ചതെന്നും പറയുന്നു.