സംവിധാനങ്ങൾ കുത്തഴിഞ്ഞു; ജനറൽ ആശുപത്രിയിൽ പരാതി പ്രളയം
1572428
Thursday, July 3, 2025 3:38 AM IST
വളർത്തുനായയുമായി ആർഎംഒ ആശുപത്രിയിലെത്തിയതും വിവാദത്തിൽ
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിന്റെ ഭാഗമാകാൻ തയാറെടുക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സംവിധാനങ്ങൾ കുത്തഴിഞ്ഞു. സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്നതിനിടെ മെഡിക്കൽ കോളജിലേക്ക് താത്കാലികാടിസ്ഥാനത്തിൽ മാറ്റം പ്രതീക്ഷിച്ചിരിക്കുകയാണ് ജീവനക്കാരും ഡോക്ടർമാരും.
ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്പോൾ നിലവിലെ സംവിധാനങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റാൻ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധമായ ഉത്തരവ് വന്നാൽ നടപടികൾ പൂർണമാകും. രോഗികളുടെ കിടത്തിച്ചികിത്സ ഈയാഴ്ചയോടെ ഭാഗികമായി നിലയ്ക്കും. ഇപ്പോൾതന്നെ ഐപി വിഭാഗത്തിലേക്ക് രോഗികളെ അയയ്ക്കുന്നത് പരിമിതപ്പെടുത്തി. ഗുരുതരാവസ്ഥയിലുള്ളവരെയും ശസ്ത്രക്രിയകളും തുടർ ചികിത്സയും വേണ്ടവരെയും റഫർ ചെയ്യുകയാണ്.
ഇതിനിടെ ആശുപത്രി ആർഎംഒ കഴിഞ്ഞ ദിവസം വളർത്തു നായയുമായി ആശുപത്രിയിലെത്തിയ നടപടി വിവാദമായി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇന്നലെ പരാതിയും ലഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ അഡ്വ. കുളത്തൂർ ജയ്സിംഗ് അറിയിച്ചു. ആർഎംഒയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ എസ്ഡിപിഐ പ്രവർത്തകർ ആശുപത്രിവളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ആർഎംഒ ഡോ.ദിവ്യ രാജനെതിരേയുള്ള പരാതിയിൽ ഉചിത നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. വളർത്തുനായയുമായി കാറിലെത്തിയ ഡോക്ടർ ഇതിനെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിച്ചതായി പറയുന്നു. രോഗികളും ആരോഗ്യ പ്രവർത്തകരും തികഞ്ഞ ജാഗ്രതയോടെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വളർത്തുനായയുമായി ഡോക്ടർ എത്തിയത് ആക്ഷേപങ്ങൾക്കിട നൽകിയിരുന്നു.
കഴിഞ്ഞദിവസം നാല് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധിച്ച് സമരം ചെയ്ത ജീവനക്കാർ തന്നെയാണ് ആർഎംഒയുടെ നടപടിയെ വിമർശിച്ച് ആദ്യം രംഗത്തെത്തിയത്. ആശുപത്രിയിലെ വൈദ്യുതി ഉപയോഗിച്ച് ആർഎംഒയുടെ കാർ ചാർജ് ചെയ്യുന്നതായും അവർ കുറ്റപ്പെടുത്തി.
ആർഎംഒയുടെ നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പത്തനംതിട്ട മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധം പ്രസിഡന്റ് നിയാസ് കൊന്നമൂട് ഉദ്ഘാടനം ചെയ്തു. എസ്ഡിപി.ഐ ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി അന്‍സാരി കൊന്നമൂട് അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് റമീസ് റഹീം, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. എം. നാസറുദ്ദീൻ, കമ്മിറ്റിയംഗം കെ. എച്ച്. ഷാജി, ഫൈസി, ബ്രാഞ്ച് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.