ജില്ലയിൽ ഒരു ദിവസം രണ്ട് ആനകൾ ചരിഞ്ഞു
1572419
Thursday, July 3, 2025 3:22 AM IST
കൊച്ചയ്യപ്പന്റെ വിയോഗം; ആനത്താവളത്തിനു നഷ്ടം
കോന്നി: കുറുന്പ് കാട്ടിയും സഞ്ചാരികളോട് ഇടപഴകിയും പ്രിയങ്കരനായി മാറിയ കുട്ടിയാന കൊച്ചയ്യപ്പന്റെ പെട്ടെന്നുള്ള മരണം കോന്നി ആനത്താവളത്തിനു നഷ്ടമായി. അഞ്ച് വർഷം മുന്പ് കൊച്ചുകോയിക്കൽ വനമേഖലയിൽ കണ്ടെത്തിയ കുട്ടിയാനയെ വനംവകുപ്പ് ഏറ്റെടുത്ത് ആനത്താവളത്തിലെത്തിക്കുകയായിരുന്നു.
പരിചരണങ്ങൾ നൽകി ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. കൊച്ചയ്യപ്പന്റെ കുറുന്പ് കേട്ടറിഞ്ഞ് നിരവധിയാളുകൾ കൊച്ചുകുട്ടികളുമായി ആനത്താവളത്തിലെത്തി ദൃശ്യങ്ങൾ പകർത്തി. ആനത്താവളത്തിലെ പുതിയ അതിഥിയെ സന്ദർശിക്കാനെത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെയാണ് കുട്ടിയാനയ്ക്ക് കൊച്ചയ്യപ്പൻ എന്ന പേരു നൽകിയത്.
ആനയ്ക്കു പ്രത്യേക അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ നൽകി വന്നിരുന്നു. ഇന്നലെ രാവിലെ പാപ്പാൻ എത്തുന്പോഴാണ് ആന നിശ്ചലനായി കിടക്കുന്നതു കണ്ടത്. അപ്രതീക്ഷിതമായ അന്ത്യത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹെർപിസ് രോഗബാധയെന്ന്
ഹെർപിസ് രോഗബാധയെ തുടർന്നാണ് ആനക്കുട്ടി ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും പതിവായുള്ള പ്രഭാത നടത്തം ഉൾപ്പെടെ ഉള്ള വ്യായാമങ്ങൾ കുട്ടിയാനയ്ക്കു ലഭിച്ചിരുന്നു.
കോന്നി വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോ. സിബി, കോട്ടൂർ ആനത്താവളത്തിലെ വെറ്ററിനറി ഓഫീസർ ഡോ. അരുൺ കുമാർ, പത്തനംതിട്ട വെറ്ററിനറി ഡോക്ടർ രാഹുൽ, ഡോ. ഷബീന തുടങ്ങിയവർ അടങ്ങിയ സംഘം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ജഡം കുമ്മണ്ണൂർ വനത്തിൽ മറവ് ചെയ്തു.
കെ. യു. ജനീഷ് കുമാർ എംഎൽഎ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി അടക്കമുള്ളവർ സ്ഥലത്തെത്തി.
അന്വേഷണം നടത്തും
കോന്നി : ആനക്കൂട്ടിലെ കുട്ടിയാന അഞ്ചു വയസുകാരൻ കൊച്ചയ്യപ്പൻ ചരിഞ്ഞ സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് ഡിഎഫ്ഒ ആയുഷ്മാൻ കോറി. രാവിലെ പാപ്പാൻ എത്തിയപ്പോഴാണ് ചലനമറ്റ നിലയിൽ കൊച്ചയ്യപ്പനെ കണ്ടത്. 2021ൽ ആങ്ങമൂഴി വനത്തിൽ നിന്നാണ് ആനക്കൂട്ടത്തിൽ നിന്നും തള്ളിയ നിലിൽ കൊച്ചയ്യപ്പനെ കണ്ടെത്തിയത്.
ആനയ്ക്കു ചില ആരോഗ്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും എന്നാൽ മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും ഡിഎഫ്ഒ പറഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ആസ്ഥാനമായ ആനത്താവളത്തിൽ ആനകളെ കാണാനായി നിരവധിയാളുകളാണ് എത്തുന്നത്..
ആനകളെ പരിചരിക്കാൻ സ്ഥിരവും താത്കാലികവുമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കുട്ടിയാന ചരിഞ്ഞതിനേ തുടർന്ന് ഇന്നലെ ആനത്താവളത്തിന് അവധി നൽകി.
ഓമല്ലൂരിന്റെ സ്വന്തം മണികണ്ഠനും വിടവാങ്ങി
ഓമല്ലൂർ: ഗജരത്നം ഓമല്ലൂർ മണികണ്ഠൻ ചരിഞ്ഞു. ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്ര വളപ്പിലാണ് ഇന്നലെ വൈകുന്നേരം 6.30ന് ആന ചരിഞ്ഞത്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനയെ ഓമല്ലൂർ ക്ഷേത്രത്തിലാണ് പരിപാലിച്ചു വന്നിരുന്നത്.
കഴിഞ്ഞ ഒരു മാസമായി ആനയ്ക്ക് എരണ്ട കെട്ടൽ രോഗം ബാധിച്ചിരുന്നു. ക്ഷേത്ര കോമ്പൗണ്ടിൽ തളച്ചിരുന്ന ആനയെ ദേവസ്വം ബോർഡിന്റെ വെറ്ററിനറി ഡോക്ടർ ബിനു ഗോപിനാഥ് പരിശോധന നടത്തുകയും എല്ലാ ദിവസവും ഡ്രിപ്പ് ഇടുകയും ചെയ്തിരുന്നു.
ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകണമെന്ന് നാട്ടുകാരും ആന പ്രേമി സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതിനേ തുടർന്ന് തൃശൂരിൽ നിന്നും എറണാകുളത്തു നിന്നും വിദഗ്ധ ഡോക്ടർമാരെ എത്തിച്ച് ചികിത്സ നൽകിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ആനയുടെ സ്ഥിതി വളരെ മോശമായിരുന്നു. ഡോക്ടർ എത്തി മരുന്നു നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ ആന കൊമ്പുകുത്തി ക്രെയിൻ ഉപയോഗിച്ച് പൊക്കി നിർത്താൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. അസുഖബാധിതനായതിനേ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഡ്രിപ്പ് മാത്രമാണ് നൽകിയിരുന്നത്.
തലയെടുപ്പിൽ മുന്പൻ
തൃശൂർ എഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്നും ചലച്ചിത്രതാരം കെ.ആർ. വിജയ വിലയ്ക്കു വാങ്ങി ശബരിമല ക്ഷേത്രത്തിൽ നടയ്ക്കു വച്ച കുട്ടിയാനയാണ് മണികണ്ഠൻ എന്ന പേരിൽ പിൽക്കാലത്ത് ഗജരാജനായത്.
അന്നത്തെ ശബരിമല തന്ത്രിയാണ് ആനയ്ക്ക് മണികണ്ഠൻ എന്ന് നാമകരണം ചെയ്തത്. വർഷങ്ങളോളം ശബരിമല സന്നിധാനത്ത് തിടമ്പ് എടുത്തിരുന്നത് മണികണ്ഠനാണ്. കൂടാതെ ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം,
തൃപ്പാറമഹാദേവക്ഷേത്രം മലയാലപ്പുഴ ദേവി ക്ഷേത്രം, കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലെ സ്വർണ തിടമ്പ് ഉൾപ്പെടെ മധ്യതിരുവിതാംകൂറിലെ ദേവസ്വം ബോർഡിന്റെയും അല്ലാത്തതുമായ എല്ലാ പ്രസിദ്ധ ക്ഷേത്രങ്ങളിലും ഉത്സവ ആഘോഷങ്ങൾക്ക് മണികണ്ഠൻ അവിഭാജ്യ ഘടകമായിരുന്നു.
പത്തടി തലപ്പൊക്കവും 55 വയസുമുള്ള മണികണ്ഠൻ ലക്ഷണമൊത്ത ആനകളിൽ അഗ്രഗണ്യനായിരുന്നു.പെട്ടെന്നു പിണങ്ങുന്ന സ്വഭാവക്കാരനായിരുന്ന മണികണ്ഠൻ പലപ്പോഴും തലവേദന സൃഷ്ടിച്ചിരുന്നു.
പാപ്പാൻമാരോട് അത്രപെട്ടെന്ന് ഇണങ്ങുമായിരുന്നില്ല. എന്നാൽ ഓമല്ലൂരുകാരോടു പ്രത്യേക മമത ആനയ്ക്ക് ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഓമല്ലൂർ വിട്ടുള്ള സ്ഥലങ്ങളിലാണ് ആന ഇടഞ്ഞിട്ടുള്ളത്. ആനയുടെ മരണ വിവരം അറിഞ്ഞ് അമ്മമാർ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങൾ ഇന്നലെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
ആനത്താവളത്തിൽ അവശേഷിക്കുന്നത് നാല് ആനകൾ മാത്രം
കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ ഇനിയും അവശേഷിക്കുന്നത് കോന്നി ആനത്താവളത്തിൽ നാല് ആനകൾ മാത്രം. പ്രിയദർശനി (42), മീന (34), ഈവ (23), കൃഷ്ണ (13) എന്നീ ആനകൾ മാത്രമാണ് കോന്നി ആനത്താവളത്തിൽ അവശേഷിക്കുന്നത്. 2015ൽ കുട്ടിയാനകളായ ലക്ഷ്മി 2020ൽ പിഞ്ചുവും അമ്മുവും മുതിർന്ന ആനകളായ മണിയനും 2024 ൽ കോടനാട് നീലകണ്ഠനും മണിയും കല്പനയും അടക്കമുള്ള കേരളം അറിയപ്പെടുന്ന ആനകളാണ് കോന്നി ആനത്താവളത്തിൽ ചരിഞ്ഞത്.
കോന്നി ആനത്താവളത്തിലെ ആനകൾ തുടർച്ചയായി ചരിയുന്ന സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു വർഷത്തിന് ഇടയിൽ മൂന്ന് ആനകൾ കോന്നി ആനത്താവളത്തിൽ ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന മണി എന്ന കൊമ്പനാന എരണ്ടകെട്ടിനേ തുടർന്നാണ് ചരിഞ്ഞത്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയാന പിഞ്ചു ചരിഞ്ഞത്. ജൂണിയർ സുരേന്ദ്രനും കല്പനയും കുട്ടിയായിരുന്നപ്പോൾ ചരിഞ്ഞു.
ഹെർപിസ് രോഗ ബാധയേ തുടർന്നാണ് ലക്ഷ്മി, അമ്മു എന്നീ കുട്ടിയാനകൾ ചരിഞ്ഞത്. മണി ചരിഞ്ഞത് സ്വാഭാവികം എന്ന് കരുതി എങ്കിലും കുട്ടിയാനകൾ തുടർച്ചയായി ചരിഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടയിൽ പോലും സംശയമുള്ളവാക്കിയിരുന്നു.കേരളത്തിൽ മുത്തങ്ങ, കോട്ടൂർ,കോടനാട് എന്നിവടങ്ങളിൽ വനം വകുപ്പിന്റെ ആന ക്യാമ്പുകൾ ഉണ്ടെങ്കിലും കോന്നിയിൽ ഇത്രയധികം ആനകൾ ചരിഞ്ഞത് എന്നും സംശയത്തിന്റെ നിഴലിലാണ്.