മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു
1572590
Friday, July 4, 2025 3:48 AM IST
പത്തനംതിട്ട: മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ സര്‍ജറി യൂണിറ്റ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര്‍ത്തനം. ജില്ലയിലെ ആറ് ആന്‍കറിംഗ് സ്റ്റേഷനുകളായ പത്തനംതിട്ട, പുല്ലാട്, റാന്നി, തിരുവല്ല, കോന്നി എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. അടൂരില്‍ എട്ടിന് യൂണിറ്റ് ആരംഭിക്കും.
പശു, എരുമ, ആട്, നായ, പൂച്ച, പന്നി തുടങ്ങിയവയ്ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ അതാത് ആന്‍കറിംഗ് സ്റ്റേഷനുകളില്‍ നടത്തും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയ വേണ്ടിവരുന്ന മൃഗങ്ങളുടെ ഉടമകള്‍ അതാത് അന്കറിംഗ് സ്റ്റേഷനുകളിലെ വെറ്ററിനറി സര്‍ജനുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന് നടത്താം.
സിസേറിയന്, ലാപ്രോട്ടമി, ട്യൂമര്‍ നീക്കം, ഹെര്‍ണിയ, ഗര്‍ഭാശയ നീക്കം ചെയ്യൽ, കാസ്ട്രേഷന്, ആംപ്യൂട്ടേഷന് സര്‍ജറികള്‍ നടത്തും. ഓരോ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് ക്യുആര്‍ കോഡ് മുഖേന ഒടുക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. സന്തോഷ് അറിയിച്ചു.