ക്രമം തെറ്റിയ കാലവർഷം; വള്ളിക്കോട് പാടശേഖരങ്ങളിൽ കൃഷി തടസപ്പെട്ടു
1572592
Friday, July 4, 2025 3:48 AM IST
പത്തനംതിട്ട: ജില്ലയുടെ പ്രധാന നെല്ലറകളിൽ ഒന്നായ വള്ളിക്കോട് പാടശേഖരങ്ങളിൽ നെൽകൃഷി തടസപ്പെട്ടു. ചിങ്ങത്തിൽ വിളവെടുക്കേണ്ട കൃഷി മുടങ്ങുന്നത് ഏറെക്കാലത്തിനുശേഷമാണ്. പ്രതികൂല കാലാവസ്ഥയാണ് വിലങ്ങുതടിയായത്. വേനൽ മഴ ശക്തമായതും കാലവർഷം നേരത്തേ എത്തിയതും കൃഷി തടസപ്പെടുത്തി. വേനൽമഴയും കാലവർഷവും തമ്മിൽ അന്തരമില്ലാതെ പോയതാണ് കർഷകർക്കു വിനയായത്. ഇതോടെ കൃഷി ഉപേക്ഷിക്കുകയല്ലാതെ മാർഗമില്ലെന്നായി.
ആഴ്ചകളായി പെയ്യുന്ന മഴയേ തുടർന്ന് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുപോകാത്തതാണ് പ്രധാന പ്രതിസന്ധി. മഴസമയത്ത് വെള്ളം ഒഴിഞ്ഞുപോകുന്നതിനും വേനൽ സമയത്ത് വെള്ളം എത്തിക്കുന്നതിനുമുള്ള ശാസ്ത്രീയ മാർഗങ്ങൾ ഇനിയും ആവിഷ്കരിച്ച് നടപ്പാക്കാനാകാത്തതും കൃഷി നടക്കാതെ വന്നപ്പോൾ പാടശേഖരങ്ങൾ കാടുകയറിയ നിലയിലാണ്. വർഷത്തിൽ മൂന്നു തവണ കൃഷിയിറക്കാനാകുന്ന അപൂർവ പാടശേഖരങ്ങളിലൊന്നാണ് വള്ളിക്കോട് ഏല.
കഴിഞ്ഞ മുണ്ടകൻ കൃഷിക്കും മകര കൃഷിക്കും മികച്ച വിളവ് ലഭിച്ചിരുന്നു. ഈ നെല്ല് കർഷകരിൽ നിന്നും സപ്ലൈകോ നേരിട്ട് സംഭരിക്കുകയും ചെയ്തു. ഇത്തവണയും ചിങ്ങക്കൃഷി ഇറക്കാൻ കർഷകർ തയാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ പ്രധാന വില്ലനായി.
പാടശേഖരങ്ങളിൽ ട്രാക്ടർ ഇറക്കുന്നതിനോ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനോ ഇതേവരെ കഴിഞ്ഞില്ല. വിളവ് ലഭിക്കുന്ന പാടശേഖരങ്ങളാണ് വള്ളിക്കോട്ടേത്. ഇത്തവണത്തെ മകര കൃഷിക്ക് 480, മുണ്ടകൻ കൃഷിക്ക് 500 ക്വിന്റലും നെല്ല് ലഭിച്ചിരുന്നു.
അശാസ്ത്രീയ സമീപനം
മംഗലത്ത് മുതൽ ചെമ്പത വരെ അഞ്ഞൂറ് ഹെക്ടറോളം വരുന്നതാണ് വള്ളിക്കോട് പാടശേഖരം. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ, അട്ടത്തോട്ട, തട്ട എന്നിവയാണ് ഇതിൽ പ്രധാനം. ആഴ്ചകളായി പെയ്യുന്ന മഴ കാരണം പാടശേഖരങ്ങൾ രൂപപ്പെട്ട വെള്ളക്കെട്ട് നീക്കം ചെയ്യാൻ കഴിഞ്ഞില്ല.
മണ്ണും ചെളിയും നിറഞ്ഞ തോടുകളും പ്രധാന പ്രശ്നമാണ്. മഴ പെയ്താൽ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുപോകില്ല. വലിയ തോട്ടിലെയും ഉപ ജലസ്രോതസുകളിലെയും മണ്ണും എക്കലും നീക്കം ചെയ്ത് ആഴം കൂട്ടിയെങ്കിൽ മാത്രമേ തുടർന്നാണെങ്കിലും കൃഷി ചെയ്യാൻ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് കർഷകർ.
വേനൽ സമയത്ത് യഥാസമയം വെള്ളം എത്തിക്കാനും സംവിധാനങ്ങളില്ല. ഇതു സംബന്ധിച്ച് പഞ്ചായത്തിലും കൃഷി വകുപ്പിലും പരാതികൾ നൽകിയെങ്കിലും ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്കർഷകർ പറയുന്നു. വെള്ളക്കെട്ട് കാരണം മറ്റ് കൃഷികളും നടത്താനാകാത്ത സ്ഥിതിയാണ്.
വെള്ളക്കെട്ട് തുടരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയാനും കാരണമാകും. മഴ തുടരുകയാണെങ്കിൽ കാർഷിക കലണ്ടറും താളംതെറ്റുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.