ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം സമാപനം ഏഴിനു പത്തനംതിട്ടയിൽ
1572582
Friday, July 4, 2025 3:28 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരും സംസ്ഥാന ലൈബ്രറി കൗൺസിലും പി.എൻ. പണിക്കർ ഫൗണ്ടഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ സമാപനം ഏഴിനു പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും.
ജൂൺ 19ന് ആരംഭിച്ച വായനപക്ഷാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിവിധങ്ങളായ പരിപാടികൾ നടത്തിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻമാരുടെ അനുസ്മരണങ്ങൾ ഈ ദിവസങ്ങളിൽ നടന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങളും വായനദിന പരിപാടികളും നടത്തി.
സമാപന സമ്മേളനം ഏഴിന് ഉച്ചകഴിഞ്ഞ് 2.30 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തും. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ , സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി. ജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രഫ.ടി.കെ.ജി. നായർ, ജി. കൃഷ്ണകുമാർ, പുരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സുധീഷ് വെൺപാല, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ്, ജില്ലാ സെക്രട്ടറി പി.ജി. ആനന്ദൻ എന്നിവർ പ്രസംഗിക്കും.
ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രഫ. ടി.കെ.ജി. നായർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി. സതികുമാരി, താലൂക്ക് ജോയിന്റ് സെക്രട്ടറി കാശിനാഥൻ, ജില്ലാ ഓഫീസർ എസ്. ലതിക എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.