ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഓമല്ലൂർ മണികണ്ഠൻ വിടവാങ്ങി
1572598
Friday, July 4, 2025 3:48 AM IST
ഓമല്ലൂർ: ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഓമല്ലൂർ മണികണ്ഠൻ വിടവാങ്ങി. ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ആനത്തറയിൽ വിശ്വാസികളൊരുക്കിയ അന്തിമോപചാര ചടങ്ങുകൾക്ക് ശേഷം വനംവകുപ്പ് ഏറ്റുവാങ്ങിയ ജഡം കല്ലേലി -അച്ചൻകോവിൽ പാതയിലെ ഉൾവനത്തിൽ സംസ്കരിച്ചു.
എരണ്ടകെട്ടിനെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്ന മണികണ്ഠൻ വ്യാഴാഴ്ച വൈകുന്നേരമാണ് ചരിഞ്ഞത്. 50 വർഷമായി ഓമല്ലൂർ ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു മണികണ്ഠൻ.
ആനയുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധിപേർ ഓമല്ലൂരിൽ എത്തിയിരുന്നു. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം ഉച്ചയോടെയാണ് വനം വകുപ്പ് അധികൃതർ ആനയെ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയത്.
തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതരും പ്രദേശവാസികളും അനുഗമിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമായിരുന്നു ജഡം സംസ്കരിച്ചത്.