കോന്നി മെഡിക്കല്‍ കോളജ്: ഏഴുനില ആശുപത്രി കെട്ടിടം ഒക്ടോബറിൽ
1572581
Friday, July 4, 2025 3:28 AM IST
കോന്നി: സർക്കാർ മെഡിക്കൽ കോളജിൽ 200 കിടക്കകളും അഞ്ചു വിഭാഗങ്ങളും ചേര്‍ന്ന ഏഴുനില ആശുപത്രി കെട്ടിടം നിർമാണം ഒക്ടോബറിൽ പൂർത്തിയാകും. ഇതോടെ 500 കിടക്കകളുള്ള ആശുപത്രി സംവിധാനം പൂർണസജ്ജമാകും. 800 സീറ്റുള്ള ഓഡിറ്റോറിയവും അവസാന ഘട്ടത്തിലാണ്. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണനും വിലയിരുത്തി.
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി. യഥാക്രമം 200, 250 കുട്ടികള്‍ക്ക് താമസിക്കാം. മൂന്ന് കിടപ്പുമുറികളോടെ ഇരുനില ഡീന്‍ വില്ല, ടൈപ്പ് ബി, ടൈപ്പ് ഡി പാര്‍പ്പിടസമുച്ചയം, ലോന്‍ഡ്രി കെട്ടിടം, അക്കാദമിക്ക് ബ്ലോക്ക്, മോര്‍ച്ചറി എന്നിവ പൂര്‍ത്തീകരിച്ചു. ടൈപ്പ് എ, ടൈപ്പ് സി പാര്‍പ്പിടസമുച്ചയ നിര്‍മാണം പുരോഗമിക്കുന്നു.
കിഫ്ബിയില്‍ നിന്നും 352 കോടി രൂപ ചെലവഴിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴ് വെന്റിലേറ്റര്‍ ബെഡുകള്‍ ഉള്‍പ്പെട്ട 20 കിടക്കകളുള്ള ഐസിയുവിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗവും പൂര്‍ത്തിയായി. രണ്ട് ഓപ്പറേഷന് തിയറ്റര്‍, ലേബര്‍ റൂമുകള്‍, ലേബര്‍ വാര്‍ഡുകള്‍ എന്നിവയുണ്ട്. എച്ച്എല്‍എല്‍ നേതൃത്വത്തില്‍ അത്യാധുനിക ഫാര്‍മസി പൂര്‍ത്തീകരിച്ചു.
ആവശ്യ മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാകും. മെഡിക്കല്‍ കോളജില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പും പ്രാബല്യത്തിലായി. ജീവനക്കാര്‍ക്കായി 11 നിലവീതം ഉള്ള രണ്ട് പാര്‍പ്പിട സമുച്ചയം പൂര്‍ത്തിയായി. അക്കാഡമിക്ക് ബ്ലോക്കിന്റെ രണ്ടാംഘട്ടവും പൂര്‍ത്തീകരിച്ചു.
ഒപി, ഐപി, അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ടോക്കണ്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കുറവ് നികത്താനും എംഎല്‍എ ആവശ്യപ്പെട്ടു. ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനവും വിലയിരുത്തി.
എംഎല്‍എയും ജില്ലാ കളക്ടറും ആശുപത്രിയിലെ വിവിധ ബ്ലോക്കുകള്‍ സന്ദര്‍ശിച്ചു. രോഗികള്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്. എസ്. നിഷ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. ഷാജി, വികസന സമിതി അംഗം സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.