തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
1572588
Friday, July 4, 2025 3:28 AM IST
തിരുവല്ല: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. തിരുവൻവണ്ടൂർ ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന് നായരാണ് (65) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിവരികയാണ് ഗോപിനാഥൻ. തിരുവന്വണ്ടൂരില്നിന്നും തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോകുന്ന ഗോപിനാഥന് രാത്രിയിൽ തിരികെ വരുന്നതിനിടെ രണ്ടാഴ്ച മുന്‍പ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
സൈക്കിളില്‍ വീട്ടിലേക്കു വന്ന ഗോപിനാഥന്റെ പിറകേ നായ ഓടി വരികയും ഭയന്ന് റോഡില്‍ വീഴുകയും ചെയ്തു. ഇതിനിടെ ഗോപിനാഥന്റെ കാലില്‍ നായയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നുവെങ്കിലും ചികിത്സ തേടിയില്ല. പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് ചികിത്സ തേടിയത്.