ഭീതി ഏറുന്നു : കിലോമീറ്ററുകൾ താണ്ടി കാട്ടുമൃഗങ്ങൾ തിരുവല്ലയിലും
1572580
Friday, July 4, 2025 3:28 AM IST
തിരുവല്ല: വനമേഖലയിൽ നിന്നും കിലോമീറ്ററുകൾ വിദൂരത്തിലുള്ള തിരുവല്ല മേഖലയിൽ കാട്ടുമൃഗ സാന്നിധ്യം. കഴിഞ്ഞദിവസം തിരുവല്ല നഗരത്തിൽ മലയണ്ണാനെ കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്നലെ പൊടിയാടിയിൽ പൂച്ചപ്പുലിയെ കണ്ടത്.
നെടുന്പ്രം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മണിപ്പുഴ - പഞ്ചമി റോഡില്‍ ഇന്നലെ രാവിലെ ആറോടെയാണ് പുലിയുടെ സാദൃശ്യമുള്ള മൃഗത്തെ പ്രദേശവാസികൾ കണ്ടത്. ഭീതിയിലായ നാട്ടുകാർ ഉടൻ തന്നെ വനം ഉദ്യോഗസ്ഥരെയും പോലീസിനെയും അറിയിച്ചു. ഉച്ചയോടെ വനപാലകരെത്തി നടത്തിയ പരിശോധനയിലാണ് വള്ളിപ്പുലി അഥവ പൂച്ചപ്പുലിയാണിതെന്നു വ്യക്തമായത്. ജീവിയുടെ കാൽപാദങ്ങളും പരിശോധിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്ക് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ആര്‍എഫ്ഒ പി.ആർ. ജയന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോബിന് മാത്യു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. തിരുവല്ല - മാവേലിക്കര റോഡില്‍ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് പിന്‍വശത്തെ കോണ്‍ക്രീറ്റ് റോഡിലാണ് കാട്ടുമൃഗത്തെ കണ്ടത്. മണിപ്പുഴ തൈപ്പടവില്‍ വീട്ടില്‍ സംഗീതയാണ് ഇതിനെ ആദ്യം കണ്ടത്.
നായ നിർത്താതെ കുരയ്ക്കുന്നതു കേട്ട് നോക്കിയപ്പോള്‍ പട്ടിയുടെ വലിപ്പമുള്ള പുലിയെ പോലുള്ള ജീവിയെ കണ്ടെന്നും സമീപമെത്തിയപ്പോള്‍ അത് അടുത്ത പറമ്പിലേക്ക് ഓടിപ്പോയെന്നും സംഗീത പറയുന്നു.
തിരുവല്ല നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും മലയണ്ണാനെ പിടികൂടിയത് മൂന്നുദിവസം മുന്‍പാണ്. കടയിലേക്ക് ഓടിക്കയറിയ മലയണ്ണാനെ വനപാലകരെത്തി പിടികൂടി വനത്തിലെത്തിക്കുകയായിരുന്നു.
വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഇത്തരം മൃഗങ്ങളുടെ സാന്നിധ്യം പടിഞ്ഞാറൻ മേഖലയിൽ കണ്ടതോടെ ജനങ്ങളിൽ ഭീതി വർധിച്ചു. കാട്ടുപന്നിയുടെ സാന്നിധ്യം തിരുവല്ലയുടെ പല മേഖലകളിലും നേരത്തെ കണ്ടിരുന്നു.
ഇപ്പോൾ മറ്റു മൃഗങ്ങൾ കൂടി എത്തുന്നത് ആശങ്കയ്ക്കു കാരണമായി. എന്നാൽ പൂച്ചയേക്കാൾ വലിപ്പം കൂടുതലുള്ള മൃഗത്തെയാണ് മണിപ്പുഴ ഭാഗത്തു കണ്ടതെന്ന് വനപാലകർ പറഞ്ഞു. കാട്ടുപൂച്ച ഇനത്തിൽ പെട്ട ഇതിനെ പൂച്ചപ്പുലി എന്നാണ് അറിയപ്പെടുന്നത്. ഇവ വളർത്താടുകളെ ആക്രമിച്ച സംഭവങ്ങൾ മുന്‍പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വള്ളിപ്പുലി ഇനത്തിൽപെട്ട മൃഗമാണിത്.
വെച്ചൂച്ചിറയിൽ പുലിയെ കണ്ടതായി സംശയം
റാന്നി: വെച്ചൂച്ചിറയിൽ വിശാലമായ എസ്റ്റേറ്റിനോടു ചേർന്ന സ്ഥലത്ത് പുലിയെന്നു സംശയിക്കുന്ന മൃഗത്തെ കണ്ടതായുള്ള വഴി യാത്രക്കാരനായ യുവാവിന്റെ വെളിപ്പെടുത്തലിനേ തുടർന്ന് സ്ഥല പരിശോധനയുമായി വനം വകുപ്പ്.
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നൂറോക്കാട് എൻഎസ്എസ് ഗേറ്റിൽ നിന്നും പ്ലാവേലി നിരവ് റോഡു വഴി ചാത്തൻതറയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത വട്ടം തൊട്ടിയിൽ ബിനോയി എന്നയാളുടെ വീടിനു സമീപമാണ് പുലിയെന്നു സംശയിക്കുന്ന മൃഗത്തെ കണ്ടത്.
പെട്ടെന്നു സ്കൂട്ടർ നിർത്തി യുവാവ് പിന്നിലേക്കു പോകാൻ ശ്രമിക്കുമ്പോൾ സമീപത്തെ പൊന്തക്കാട്ടിലേക്ക് മൃഗം നീങ്ങുകയും കാട്ടിൽ മറയുകയും ചെയ്തതായി യുവാവ് പറഞ്ഞു.പ്രദേശവാസികൾ അറിയിച്ചതിനുസരിച്ച് വൈകുന്നേരം റാന്നി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലെത്തിയ വനപാലക സംഘവും വെച്ചൂച്ചിറ പോലീസും പ്രദേശത്ത് പരിശോധന നടത്തി.
മൃഗത്തിന്റേതെന്നു സംശയിക്കുന്ന ചില കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞെങ്കിലും കനത്ത മഴ മൂലം അവ്യക്തമായതിനാൽ കാൽപ്പാടുകൾ പുലിയുടേതാണെന്ന് ഉറപ്പിക്കാൻ കഴിയുന്നില്ലെന്നാണ് വനപാലകർ പറഞ്ഞത്.
അതേ സമയം ജനവാസമില്ലാതെ 500 ഏക്കറോളം വരുന്ന എസ്റ്റേറ്റ് പ്രദേശവും സമീപത്തെ പെരുന്തേനരുവി വനമേഖലയുടെ സാമീപ്യവും ഏക്കറുകളോളം വരുന്ന കൃഷിയിടങ്ങളും കാട്ടുമൃഗ സാന്നിധ്യത്തെ വിളിച്ചു വരുത്താമെന്നാണ് വനം വകുപ്പുദ്യോഗസ്ഥർ തന്നെ വിലയിരുത്തുന്നത്.
പുലി സാന്നിധ്യം സംശയിക്കുന്നതിനാൽ ഇന്നലെയും വനപാലക സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു.
ആളുകൾ ജാഗ്രത പാലിക്കണമെന്നും നായ്ക്കൾ ഉൾപ്പെടെ വളർത്തു മൃഗങ്ങളെ കാണാതാകുന്ന എന്തെങ്കിലും സാഹചര്യമുണ്ടെങ്കിൽ ഉടൻ അറിയിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് വനപാലകർ.
കുരങ്ങുശല്യവും രൂക്ഷം
തിരുവല്ല: തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കുരങ്ങ്, മയിൽ എന്നിവയുടെ ശല്യവും രൂക്ഷമായി. കാർഷിക മേഖലയ്ക്ക് ഇവ വൻ നഷ്ടമാണ് വരുത്തുന്നത്. കുരങ്ങ് വ്യാപകമായി നാളികേരം നശിപ്പിക്കുകയാണ്.
പെരിങ്ങര, കുറ്റൂർ മേഖലകളിൽ കുരങ്ങിന്റെ ശല്യം രൂക്ഷമായിട്ടുണ്ട്. മയിൽ കാർഷിക മേഖലയ്ക്കും നഷ്ടം വരുത്തുന്നു. ഏത്തവാഴക്കുലകളും പച്ചക്കറികളും മയിൽ നശിപ്പിക്കുന്നുണ്ട്.