ആദിവാസി കുട്ടികളെ സ്കൂളുകളിൽ തിരികെ എത്തിക്കാൻ പദ്ധതി
1573065
Saturday, July 5, 2025 3:35 AM IST
റാന്നി: ആദിവാസി ഉന്നതികളിൽ പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്തി സ്കൂളുകളിൽ എത്തിക്കാൻ പട്ടിക വർഗ വികസന വകുപ്പിന്റെ പദ്ധതി. ഷർട്ടും പാന്റ്സുമില്ലാത്തതിനാൽ സ്കൂളിൽ വരുന്നില്ല എന്നു പറഞ്ഞ കുട്ടിയെ ചേർത്തു പിടിച്ച് അതു വാങ്ങിത്തരാമെന്ന ഉറപ്പിലാണ് കൊണ്ടുവന്നതെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ നജീം പറഞ്ഞു.
കേരള സർക്കാരിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ വികസന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള റാന്നി ബിആർസിയും സംയുക്തമായി ആദിവാസി ഉന്നതികളിൽ പഠനം മുടക്കിയ കഴിയുന്ന കുട്ടികളെ കണ്ടെത്താൻ പ്രത്യേക സന്ദർശനം നടത്തി.
ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എസ്.എ. നജീം, റാന്നി ബിപിസി ഷാജി എ. സലാം എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. ഒരു വർഷമായി വിദ്യാലയത്തിൽ പോകാത്ത ഒരു കുട്ടിയേയും സ്കൂൾ തുറന്ന് ഇന്നേവരെ സ്കൂളിൽ പോകാത്ത 13 കുട്ടികളേയും കണ്ടെത്തി വടശേരിക്കര മോഡൽ റസിഡൻഷൽ സ്കൂളിൽ തുടർ പഠനത്തിനാവശ്യമായ ക്രമീകരണം ചെയ്തു.
രക്ഷിതാക്കളുടെയും കുട്ടികളുടെയും താത്പര്യക്കുറവാണ് കുട്ടികളെ വിദ്യാലയങ്ങളിൽ നിന്നകറ്റാൻ കാരണമാകുന്നതെന്ന് പറയുന്നു. ആദ്യഘട്ട സന്ദർശനം മഞ്ഞത്തോട് പ്ലാപ്പള്ളി ഉന്നതികളിൽ ആയിരുന്നു. ഹോസ്റ്റലിൽ എത്തിയ കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പഠന പിന്തുണാ പരിപാടികളും സംഘടിപ്പിക്കും. ഉന്നതികളിലും പട്ടികവഗ വികസന വകുപ്പും റാന്നി ബിആർസിയും വനം വകുപ്പും സംയുക്തമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.
ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ വി. ഗോപകുമാർ, മഹിള സമഖ്യ വോളണ്ടിയർ രജനി എന്നിവരും സംഘാംഗങ്ങളായി. ട്രൈബർ ഡവലപ്മെന്റ് ഓഫീസർ വാങ്ങി നൽകിയ പുതുവസ്ത്രങ്ങളണിഞ്ഞാണ് കുട്ടികൾ വിദ്യാലയത്തിലെത്തിയത്. പരിപാടിയുടെ ഭാഗമായി മഞ്ഞത്തോട് അങ്കണവാടിയിൽ വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം ചേർന്നു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു.
യോഗത്തിൽ രാജാംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബിജു തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബി മോൾ, അട്ടത്തോട് ട്രൈബൽ ഗവൺമെന്റ് എൽപി സ്കൂൾ അധ്യാപകൻ കെ.എം. സുബീഷ്, ഐസിഡിഎസ് സൂപ്പർവൈസർ യു.അർച്ചന അങ്കണവാടി വർക്കർ സുലൈഖ ബീവി തുടങ്ങിയവരും പങ്കെടുത്തു.