കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തബാങ്കില്ല, അടിസ്ഥാന സൗകര്യങ്ങൾ പരിമിതം
1573064
Saturday, July 5, 2025 3:35 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രി വളപ്പില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടം നിർമിക്കുന്പോഴും അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരമില്ല. ജില്ലാ ആശുപത്രിയില്‍ രക്തബാങ്ക് ഇല്ലാതായിട്ട് വര്‍ഷങ്ങളാകുന്നു. രക്തബാങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് യുഡിഎഫിന്റെ ഭരണ കാലത്തു തന്നെ ആക്ഷേപം ഉണ്ടായിരുന്നുവെന്നും ഇതു സംബന്ധിച്ച് അന്വേഷണത്തിനു കമ്മീഷനെ നിയോഗിക്കുമെന്ന സ്ഥിരം മറുപടിയാണ് ഇപ്പോഴും ലഭിക്കുന്നത്. ഒരു മാസം നൂറു മേജര്‍ ശസ്ത്രക്രിയകളും ഇരുനൂറിലധികം മൈനര്‍ ശസ്ത്രക്രിയകളുമാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നടക്കുന്നത്.
ശസ്ത്രക്രിയ നടക്കുന്ന അവസരത്തില്‍ രോഗികള്‍ രക്തം ആവശ്യമായി വരുമ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രക്തബാങ്കിലും കോഴഞ്ചേരിയില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലെ രക്തബാങ്കുകളെയുമാണ് ആശ്രയിക്കുന്നത്.
ആവശ്യത്തിനുള്ള രക്തത്തിനുപകരം രക്തമോ അല്ലെങ്കില്‍ പണമോ നല്‍കിയാണ് രക്തം സ്വീകരിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ രക്തബാങ്ക് സ്ഥാപിക്കാത്തത് സ്വകാര്യ ആശുപത്രികളിലെ രക്തബാങ്കുകളെ സഹായിക്കാനാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
എന്നാല്‍ രക്തബാങ്ക് സ്ഥാപിതമായാല് ശീതീകരണ യന്ത്രങ്ങളും ആധുനിക സംവിധാനങ്ങളും ജീവനക്കാരെയും വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുമ്പോള്‍ എന്തുകൊണ്ട് രക്തബാങ്ക് സ്ഥാപിക്കുന്നില്ല എന്ന ചോദ്യത്തിന് ശാശ്വതമായ മറുപടി ആരോഗ്യ വകുപ്പില്‍ നിന്നുണ്ടാകുന്നില്ല.
അൾട്രാ സൗണ്ട് സ്കാനിംഗും ഫലപ്രദമല്ല
അള്‍ട്രാ സൗണ്ട് സ്കാനിംഗ് യ്ത്രം ആശുപത്രിയിലുണ്ടെങ്കിലും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തിക്കാത്തതിന്റെ കാരണം യന്ത്രത്തകരാറാണെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇത്തരം യന്ത്രങ്ങളും മറ്റു ശസ്ത്രക്രിയ ഉപകരണങ്ങളും നവീകരിക്കുന്നതിന് ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് കൃത്യമായി പണം ലഭിക്കാത്തതിനാല്‍ നവീകരണ ജോലി നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
പ്രവര്‍ത്തന ക്ഷമത ഉള്ളപ്പോള്‍ തന്നെ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അള്‍ട്രാസൗണ്ടിന്റെ സേവനം രോഗികള്‍ക്ക് ലഭിച്ചിരുന്നത്. മുപ്പതിലധികം സ്കാനിംഗുകളാണ് നടന്നിരുന്നത്. ജില്ലാ ആശുപത്രിയിലെ സ്കാനിംഗും ലാബ് പരിശോധനകളും ഫലപ്രദമായി നടക്കാത്തതിന്റെ ഗുണം സ്വകാര്യ മേഖലയ്ക്കാണ് ലഭിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയായതിനാല്‍ ഓക്സിജന്‍ പ്ലാന്റിന്റെ നവീകരണം ജില്ലാ പഞ്ചായത്താണ് ചെയ്യേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സാങ്കേതിക കാരണം പറഞ്ഞു നവീകരണം മുടക്കുന്നതുമൂലം രോഗികള്‍ ബുദ്ധിമുട്ടുകയാണ്. പ്ലാന്റില്‍ പൊട്ടിത്തെറി ഉണ്ടായപ്പോഴും ഡിഎംഒയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രിപറഞ്ഞത്.
ഡോക്ടർമാരുടെ കുറവ്
ശസ്ത്രക്രിയ വിഭാഗത്തിൽ ആവശ്യത്തിനു ഡോക്ടർമാരില്ലെന്നതും നഴ്സിംഗ് അസിസ്റ്റന്റുമാരെ നിയമിക്കാത്തതു ബാധിക്കുന്നത് രോഗികളെയാണ്. നഴ്സിംഗ് അസിസ്റ്റന്റുമാരുടെ പത്തിലധികം ഒഴിവുകളുണ്ട്. ലേബര്‍ മുറിയിലും മറ്റുമാണ് ഇവരുടെ സേവനം ആവശ്യമായിട്ടുള്ളത്.
സ്കാനിംഗ് യന്ത്രം പ്രവര്‍ത്തിക്കുന്പോൾ സ്ഥിരമായി റേഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ശസ്ത്രക്രിയ ഉപകരണങ്ങളുടേതടക്കം ലഭ്യതയിലും കാലതാമസമുണ്ട്.
മാതൃ ശിശു വാര്‍ഡുകളില്‍ രണ്ടെണ്ണം നിർമിച്ചിട്ടുണ്ടെങ്കിലും 90 ശതമാനംഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിഭാഗത്തിനുവേണ്ട സൗകര്യം ഒരുക്കിയിട്ടില്ല എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ആശുപത്രി വളപ്പിലെ ഓടകള്‍ പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. നൂറുകണക്കിന് രോഗികളാണ് ദിവസവും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.
പുതിയ കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതിനാൽ നിലവിൽ സ്ഥലപരിമിതിയുണ്ട്. നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങൾ അടിയന്തരമായി തുറന്നു നൽകാൻ നടപടി വേണമെന്നാവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്‍പേ പുതിയ കെട്ടിടം തുറക്കാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
ഓക്സിജൻ പ്ലാന്റും പൊളിഞ്ഞു
കോവിഡ് കാലത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതിനേതുടര്‍ന്ന് ആരോഗ്യവകുപ്പും സ്വകാര്യ ഗ്രൂപ്പും ജില്ലാ ആശുപത്രിയില്‍ സംയുക്തമായി ഓക്സിജൻ പ്ലാന്റ് ആരംഭിച്ചിരുന്നു.
2022 ജൂലൈ ഒന്‍പതിന് മന്ത്രി വീണാ ജോര്‍ജാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് പ്ലാന്റ് നിർമിച്ചത്.
പ്ലാന്റില്‍ പൊട്ടിത്തെറി ഉണ്ടായതിനേ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതേവരെയും പ്ലാന്റ് നവീകരണം പൂര്‍ത്തീകരിച്ചിട്ടില്ല. പുറത്തുനിന്ന് വിലകൊടുത്താണ് ആശുപത്രിയില്‍ ഓക്സിജന്‍ വാങ്ങുന്നത്.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് നവീകരണം പൂര്ത്തീകരിക്കാത്തതെന്ന വിമര്‍ശനം നിലനില്‍ക്കുകയാണ്.