തകർച്ചയിലായ ആശുപത്രി കെട്ടിടങ്ങൾ ഇവിടെയുമുണ്ട് : ബലപ്പെടുത്തൽ നടപടികൾക്ക് ഒരുങ്ങി ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്ക്
1573060
Saturday, July 5, 2025 3:35 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ 17 വർഷം മാത്രം പഴക്കമുള്ള ബി ആൻഡ് സി ബ്ലോക്കിന്റെ ബലപ്പെടുത്തൽ നടപടികൾ വൈകുന്നതിൽ ആശങ്ക. ബി ആൻഡ് സി ബ്ലോക്ക് അടച്ചിട്ട് പണികൾ തുടങ്ങണമെന്ന നിർദേശം ആറുമാസത്തിനു മുന്പ് ഉണ്ടായതാണ്. എന്നാൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആശുപത്രിയിലെ നിലവിലെ സംവിധാനങ്ങൾ താറുമാറാകുമെന്നു വന്നതോടെയാണ് പണികൾ വൈകിയത്.
എന്നാൽ ആശുപത്രി കെട്ടിടം ഇപ്പോഴും സജീവമാണ്. നിലവിലെ സംവിധാനങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് ഉടനിറങ്ങും. ഇതു വന്നാലുടൻ ബി ആൻഡ് സി ബ്ലോക്ക് പൂർണമായി അടയ്ക്കും. ആശുപത്രിയിലെ ഐപി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണ്. ശസ്ത്രക്രിയ വിഭാഗങ്ങളിലും പുതിയ അഡ്മിഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒപിയിൽ വരുന്ന ഇത്തരം രോഗികളെ മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുകയാണ്.
ബി ആൻഡ് സി ബ്ലോക്ക് ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നത്. നിർമാണം പൂർത്തിയായി അധികകാലം കഴിയുന്നതിനു മുന്പേ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ചോർച്ചയും ഡ്രെയിനേജ് വിഷയങ്ങളും ശൗചാലയത്തിന്റെ തകരാറുകളുമെല്ലാം പ്രശ്നങ്ങളായി. ഏറ്റവുമൊടുവിൽ ചോർച്ച അസഹ്യമാകുകയും വാർഡുകൾ പ്രവർത്തിക്കാൻ തന്നെ ബുദ്ധിമുട്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര അറ്റകുറ്റപ്പണി നിർദേശിച്ചത്.
നിലവിലെ ആശുപത്രി സംവിധാനങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ ലിഫ്റ്റ് മാസങ്ങളായി തകരാറിലാണ്. ഇതു പ്രവർത്തിക്കുന്പോൾ കെട്ടിടം കുലുങ്ങുന്നതും കോൺക്രീറ്റ് അടർന്നു വീഴുന്നതുമായ പ്രശ്നങ്ങളുണ്ടായി.
നിർമാണത്തിലെ പിഴവുകളാണ് തകർച്ചയ്ക്കു കാരണമായത്. കെട്ടിടത്തിനു ചോർച്ച ഉണ്ടാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇടയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഫലപ്രദമായില്ല.
മലിനജലം രോഗികളെ കിടത്തിയിരിക്കുന്ന വാർഡുകളിലേക്കാണ് വീണിരുന്നത്.
സർക്കാർ ഏജൻസിയായ ഇൻകെലിനെയാണ് നവീകരണ ജോലികൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും 5.5 കോടി രൂപ ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ പണികൾ ഏല്പിച്ചിരിക്കുകയാണ്. ഫണ്ട് ലഭ്യമാണെന്നതിനാൽ അതിവേഗം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
കെട്ടിടത്തിന്റെ ഒരു നില നവീകരിച്ച് നേത്രചികിത്സാ വിഭാഗം ക്രമീകരിക്കും. കണ്ണ് ഓപ്പറേഷൻ തിയേറ്ററും വാർഡും ഇതിൽ ക്രമീകരിക്കും. നിലവിൽ ആശുപത്രിയിൽ ഒപി ബ്ലോക്കിന്റെയും അത്യാഹിത വിഭാഗത്തിന്റെയും പണികൾ നടന്നുവരികയാണ്. ഇതുകാരണം സ്ഥലസൗകര്യം തീരെയില്ല.