പാഴാകുന്നത് 1.90 കോടി : ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഉപേക്ഷിക്കുന്നു
1573314
Sunday, July 6, 2025 3:55 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ 1.90 കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച ഓക്സിജന്‍ പ്ലാന്റ് ഉപേക്ഷിക്കുന്നു. പ്ലാന്റ് പൊട്ടിത്തെറിച്ചതിനു പിന്നാലെയുള്ള അറ്റകുറ്റപ്പണികൾ വേണ്ടെന്നുവച്ചിരിക്കുകയാണ്. പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതു നഷ്ടമാണെന്നും ഓക്സിജൻ പുറമേനിന്നു വാങ്ങുന്നതാണ് ലാഭമെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
കോവിഡ് കാലത്ത് 2021-22 ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. 1.90 കോടി രൂപ ചെലവഴിച്ച് 1,000 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനുള്ള പ്ലാന്റാണ് നിർമിച്ചതെങ്കിലും 18 മാസം കഴിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചതോടെ ഓക്സിജൻ ഉത്പാദനം നിലച്ചു. നിർമാണ കന്പനിയുടെ വാറണ്ടി നിലനിന്നിരുന്നുവെങ്കിലും ഇതിന്റെ പേരിൽ പുനർനിർമാണം വേണ്ടെന്നുവച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച 1,000 ലിറ്റര്‍ പ്ലാന്റിനു പുറമേ 300 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ ഒരു പ്രവാസി ഗ്രൂപ്പിനും അധികൃതര്‍ അനുമതി നല്‍കിയിരുന്നു. പ്ലാന്റിനുള്ള സ്ഥലം, കെട്ടിടസമുച്ചയം, വൈദ്യുതി ലൈന്‍, ജനറേറ്റര്‍ എന്നിവയുള്‍പ്പെടെ 1.90 കോടി രൂപയാണ് ചെലവഴിച്ചത്.
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനസേനയടക്കമുള്ള സംവിധാനങ്ങള്‍ നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിക്കുള്ള കാരണം എയര്‍ കംപ്രസറിനുണ്ടായ തകരാറാണെന്നാണ് പറയപ്പെടുന്നത്. സേഫ്റ്റി വാല്‍വിനുണ്ടായ തകരാറും പ്ലാന്റിലേക്കുള്ള ജലത്തിന്റെ പരിശോധനയില്‍ വന്ന അപാകതകളും പൊട്ടിത്തെറിക്കു കാരണമായിട്ടുണ്ടെന്നാണ് നിഗമനം.
തകരാറു വന്ന യന്ത്രഭാഗങ്ങള്‍ നവീകരിക്കുന്നതിനുവേണ്ടി പ്ലാന്റ് സ്ഥാപിച്ച ഏജന്‍സി കൊണ്ടുപോയെങ്കിലും ഇതേവരെയും പണികള്‍ പൂര്‍ത്തീകരിച്ച് സ്ഥാപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ പലയിടങ്ങളിലായി ഈ ഏജന്‍സി സ്ഥാപിച്ച പ്ലാന്റുകളുടെ നിർമാണം നിര്‍ത്തിവയ്ക്കാനും ആരോഗ്യവകുപ്പ് ഉത്തരവായിട്ടുണ്ട്.
മെഡിക്കൽ കോളജിൽനിന്നു രക്തം വാങ്ങാൻ അനുമതി തേടി
ജില്ലാ ആശുപത്രിയില്‍ രക്തബാങ്കില്ലെങ്കിലും 90 ബാഗ് രക്തം സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് ശാമുവേല്‍ പറഞ്ഞു. ജനറല്‍ ആശുപത്രിക്കു പുറമേ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു രക്തം ലഭിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
നേത്രവിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തിന്റെ ഭൂരിപക്ഷം പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മൂന്നാം നിലയുടെ വൈദ്യുതീകരണം മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും സൂപ്രണ്ട് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
പ്ലാന്റ് പ്രവർത്തിക്കാതിരുന്നാൽ രണ്ടു ലക്ഷം ലാഭമെന്ന്
ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ വൈദ്യുതി ചാർജ് ഇനത്തിൽനാലു ലക്ഷം രൂപ പ്രതിമാസം അടയ്ക്കേണ്ടി വന്നിരുന്നു. പുറമേനിന്ന് ഓക്സിജന്‍ വാങ്ങുന്നതിന് പ്രതിമാസം രണ്ടു ലക്ഷം രൂപ മാത്രം മതിയാകും. ഇക്കാരണത്താലാണ് ഓക്സിജന്‍ പ്ലാന്റ് നവീകരിക്കാതെയിരിക്കുന്നതെന്നു പറയപ്പെടുന്നു.
ദീര്‍ഘവീക്ഷണമില്ലാതെയും ശാസ്ത്രീയ പഠനങ്ങളില്ലാതെയും പ്ലാന്റ് നിർമിച്ചതിലൂടെ 1.9 കോടി രൂപ നഷ്ടമാകുകയായിരുന്നു. കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതക്കുറവാണ് ആശുപത്രികൾ കേന്ദ്രീകരിച്ചു പ്ലാന്റുകൾ സ്ഥാപിക്കുന്നതിലേക്ക് പദ്ധതികൾ ഉണ്ടായത്. എന്നാല്‍ പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയപ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു.
എന്നാല്‍ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥത മൂലമാണ് ഓക്സിജന്‍ പ്ലാന്റ് നവീകരിക്കാതിരിക്കുന്നതെന്നും ഓക്സിജന്‍ പുറത്തുനിന്നു വാങ്ങുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ്കുമാര് ആവശ്യപ്പെട്ടു.