വിദ്യാർഥികളുടെ യാത്രാക്ലേശം : കെഎസ്ആർടിസി ബസുകൾ പുനഃക്രമീകരിക്കും
1573318
Sunday, July 6, 2025 3:55 AM IST
റാന്നി: വെച്ചൂച്ചിറ മേഖലയിലെ സ്കൂൾ വിദ്യാർഥികളുടെ സൗകര്യാർഥം കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കും. യാത്രാക്ലേശം നേരിടുന്ന വെച്ചൂച്ചിറ, കടുമീൻചിറ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
നാറാണംമൂഴി കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വെച്ചൂച്ചിറ കോളനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും കുട്ടികൾക്ക് സമയത്തിന് എത്താനും മടക്കയാത്രയ്ക്കും ബസ് സൗകര്യമില്ലെന്ന പരാതിക്കാണ് പരിഹാരമായത്. പൊതുപ്രവർത്തകരുടെയും സ്കൂൾ അധികൃതരുടെയും കെഎസ്ആർടിസി അധികൃതരുടെയും സംയുക്തയോഗം എംഎൽഎതന്നെ വിളിച്ചുചേർക്കുകയായിരുന്നു.
ഷെഡ്യൂളുകളിൽ മാറ്റംവരുത്താതെ സർവീസുകൾ പുനഃക്രമീകരിക്കാനാണ് തീരുമാനം. രാവിലെയുള്ള സർവീസുകൾ കുട്ടികൾക്കുകൂടി പ്രയോജനമാകുന്ന തരത്തിൽ ക്രമീകരിക്കുമെന്നും ചൊവ്വാഴ്ച മുതൽ ഇതു പ്രാവർത്തികമാക്കാമെന്നും കെഎസ്ആർടിസി ഡിടിഒ ഉറപ്പു നൽകി.
റാന്നിയിൽനിന്നു മണ്ണടിശാലയിൽ രാവിലെ ഒന്പതിന് എത്തിച്ചേരുന്ന ബസ് കടുമീൻചിറയിലേക്ക് ദീർഘിപ്പിക്കും.
കടുമീൻചിറ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ഇതു പ്രയോജനപ്പെടും. മുക്കൂട്ടുതറയിൽ നിന്നും 110 കുട്ടികളോളം വെച്ചൂച്ചിറ കോളനി ഗവൺമെന്റ് എച്ച്എസ്എസിൽ പഠിക്കുന്നുണ്ട്. ഈ കുട്ടികൾ നിലവിൽ എരുമേലിവഴി ചുറ്റിക്കറങ്ങിയാണ് എത്തുന്നത്. ഇതിനു പരിഹാരമായി രാവിലെ എട്ടിന് നവോദയ ജംഗ്ഷനിൽ എത്തുന്ന ബസ് ചാത്തൻതറവരെ ദീർഘിപ്പിക്കും.
മുക്കൂട്ടുതറയിൽനിന്ന് മണ്ണടിശാലയിൽ രാവിലെ 8.30ന് എത്തുന്നതുപോലെ ബസ് സർവീസ് പുനഃക്രമീകരിക്കുന്നതും പരിഗണിക്കും. നിലവിലെ ഷെഡ്യൂളുകളിൽ അഞ്ച് മിനിട്ടിൽ കൂടുതൽ സമയവ്യത്യാസം വരാതെയാണ് പുനഃക്രമീകരണം.