വന്യജീവി ആക്രമണം ഒഴിവാക്കാൻ വേണ്ടത് ശാസ്ത്രീയമാർഗങ്ങളെന്ന് എംഎൽഎമാർ
1573319
Sunday, July 6, 2025 3:55 AM IST
പത്തനംതിട്ട: വന്യജീവികൾ ജനവാസമേഖലയിൽ കടന്നു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തേടണമെന്ന് എംഎൽഎമാർ. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനു നിർദേശം നൽകുന്നതിലേക്കും പുരോഗതി വിലയിരുത്താനുമായി ചേർന്ന ജില്ലാതല നിയന്ത്രണസമിതി യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരായ കെ.യു. ജനീഷ് കുമാറും പ്രമോദ് നാരായണനുമാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്.
സോളാര്‍വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎൽഎആവശ്യപ്പെട്ടു. വനഭൂമി കൈമാറ്റത്തിന് സമയബന്ധിതമായി നിരാക്ഷേപപത്രം നല്‍കണം. ജനവാസ മേഖലയില്‍ എത്തുന്ന വന്യജീവികളെ തിരിച്ചയക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
വെള്ളം, ഭക്ഷണം, ആവാസവ്യവസ്ഥ എന്നിവ തേടിയെത്തുന്ന വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ അവയുടെ ലഭ്യത വർധിപ്പിക്കണമെന്ന് പ്രമോദ് നാരായൺ എംഎല്‍എ പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് അധ്യക്ഷത വഹിച്ചു.
വനത്തോടു ചേര്‍ന്നുള്ള സ്വകാര്യഭൂമി കാടുപിടിക്കുന്നത് വൃത്തിയാക്കാന്‍ ഉടമസ്ഥന് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗങ്ങള്‍ ഏകോപനത്തോടെ സ്വീകരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. റാന്നി ഡിഎഫ്ഒ എന്‍. രാജേഷ്, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, ഡിഎംഒ ഡോ. എല്‍. അനിതാകുമാരി, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
കാട്ടുപന്നിശല്യം: ഷൂട്ടര്‍മാരെ നിയോഗിച്ചു
ഇലന്തൂര്‍: ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് പഞ്ചായത്തില്‍നിന്ന് അനുമതി ലഭിച്ച ഷൂട്ടര്‍മാരുടെ വിവരങ്ങള്‍ പേര്, വിലാസം, ഫോണ്‍ എന്ന ക്രമത്തില്‍. സാം കെ. വറുഗീസ്, റാന്നി - 7012416692, 9995341562.വി.കെ. രാജീവ്, കോട്ടയം - 9747909221. പി.പി ഫിലിപ്പ്, അയിരൂര്‍ - 9946586129.