ആഷ്നിയുടെ അഭിലാഷം സഫലമാക്കി കളക്ടര്‍
1573680
Monday, July 7, 2025 3:53 AM IST
പത്തനംതിട്ട: ആദരം സ്വീകരിക്കണം, ജില്ലാ കളക്ടര്‍ക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇടണം - അമ്മ ഷൈനിയോട് ആഗ്രഹം പറഞ്ഞുറപ്പിച്ചായിരുന്നു കുന്നന്താനത്തു നിന്ന് ഓമല്ലൂരിലേക്ക് ആഷ്നി എത്തിയത്.
പത്താം ക്ലാസില്‍ മികച്ച വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികളെ ആദരിക്കാന്‍ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ റസിലിയന്‍സ് ആന്‍ഡ് എക്സലന്‍സ് അവാര്‍ഡ് വാങ്ങാന്‍ എത്തിയ 200 ഓളം കുട്ടികളില്‍ ഒരാളായിരുന്നു ആഷ്നി. ആഗ്രഹം പറഞ്ഞ ഉടന്‍ ആഷ്നിക്കും കൂട്ടുകാരന് ഹരി കൃഷ്ണനുമൊപ്പം ഫോട്ടോയ്ക്ക് ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണനും കൂടി. ഏറെ നാളായുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ആഷ്നി.
കുന്നന്താനം എന്‍എസ്എസ് എച്ച്എസ്എസില്‍ നിന്ന് 93 ശതമാനം മാര്‍ക്ക് നേടിയാണ് ആഷ്നി പത്താംക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കിയത്. ഇവിടെത്തന്നെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണിപ്പോൾ.
മൂന്നര വയസിലാണ് കുട്ടിക്ക് വളര്‍ച്ചയില്‍ വ്യത്യാസമുള്ളത് മനസിലക്കുന്നത്. പ്രവാസിയായിരുന്ന അച്ഛന് അഭിലാഷ് അഞ്ചു വര്‍ഷം മുന്നേ മരണപ്പെട്ടിരുന്നു. സഹോദരി ആഷ്ലി പ്ലസ് ടു വിദ്യാര്‍ഥിയാണ്.
സെറിബ്രല്‍ പാഴ്സിയുമായി മല്ലിടുമ്പോഴും പഠിക്കാന്‍ ഏറെ ഇഷ്ടം കാണിക്കുന്ന കുട്ടിയാണ് ആഷ്നിയെന്ന് അമ്മ ഷൈനി പറഞ്ഞു. കളക്ടര്‍ ആകാനാണ് ആഗ്രഹം. ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും വേദി ഒരുക്കിയ കളക്ടറോട് ഉള്ള നന്ദിയും അവര്‍ കൂട്ടിച്ചേര്‍ത്തു.