ആരോഗ്യ മേഖലയുടെ കരുത്ത് എന്‍എച്ച്എം ഫണ്ട്
1573678
Monday, July 7, 2025 3:53 AM IST
പത്തനംതിട്ട: കോടി കണക്കിനു രൂപയുടെ വികസന നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും ആരോഗ്യ മേഖലയുടെ കരുത്ത് എന്‍എച്ച്എം ഫണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയാരോഗ്യ ദൗത്യം മുഖേനയുള്ള കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തിയാണ്.
കേന്ദ്രഫണ്ട് ലഭ്യതയ്ക്കായി ആശുപത്രിയുടെ ബോര്‍ഡുകള്‍ മാറ്റണമെന്നതടക്കമുള്ള നിര്‍ദേശം പാലിക്കപ്പെടാതെ വന്നതോടെ ഇടയ്ക്കു ഫണ്ടിന്റെ ലഭ്യതയില്‍ കുറവുണ്ടായെങ്കിലും ഇപ്പോള്‍ ഗ്രാമീണ മേഖല തൊട്ട് പൊതുജനാരോഗ്യ പ്രവര്‍ത്തനത്തിനു പണം ലഭ്യമാകുന്നുണ്ട്. സിഎച്ച്സികളുടെയടക്കം നവീകരണം ഇതുപയോഗപ്പെടുത്തി നടന്നുവരികയാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മാണം പൂര്‍ണമായി എന്‍എച്ച്എം ഫണ്ടില്‍ നിന്നാണ്. ബി ആന്‍ഡ് സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 5.5 കോടി രൂപയുടെ ഫണ്ടും എന്എച്ച്എമ്മിന്റെതാണ്. ബി ആന്‍ഡ് സി ബ്ലോക്കില്‍ സാധനങ്ങള്‍ താഴെയിറക്കാന്‍ എട്ടുലക്ഷം രൂപയും എന്‍എച്ച്എം നല്‍കും.
970 കോടി രൂപ ജില്ലയില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ആരോഗ്യമേഖലയില്‍ ചെലവഴിച്ചതായാണ് സിപിഎം കണക്ക്. ഇതില്‍ 60 ശതമാനത്തിലേറെ തുകയും കേന്ദ്രഫണ്ടില്‍ നിന്നാണ്. കോന്നി മെഡിക്കല്‍ കോളജിലെ ഒന്നും രണ്ടും ഘട്ട നിര്മാണാവശ്യത്തിനു ചെലവഴിച്ച തുകയില്‍ ഏറിയ പങ്കും എന്‍എച്ച്എം ഫണ്ടില്‍ നിന്നായിരുന്നു.
ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണം ഡിസംബറോടെ പൂര്‍ത്തിയാകും
ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണം ഡിസംബറോടെ പൂര്‍ത്തിയാക്കണമെന്നാണ് കരാർ. സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കെലിനെയാണ് നവീകരണ ജോലികള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയാണ് പണികള്‍ ഏല്പിച്ചിരിക്കുകയാണ്. 21 ന് പണികള്‍ ആരംഭിക്കാനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നതെന്ന് പറയുന്നു. ഇതിനു മുമ്പായി ആശുപത്രി ഉപകരണങ്ങള്‍ അടക്കം താഴെ എത്തിക്കേണ്ടതുണ്ട്. ഇതിനായി തകരാറിലായിരുന്ന ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കി വരികയാണ്.
17 വര്‍ഷം മുമ്പ് നിര്‍മിച്ച ബി ആന്‍ഡ് സി ബ്ലോക്ക് ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നത്. നിര്‍മാണം പൂര്‍ത്തിയായി അധികകാലം കഴിയുന്നതിനു മുന്‍പേ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ചോര്‍ച്ചയും ഡ്രെയിനേജ് വിഷയങ്ങളും ശൗചാലയത്തിന്റെ തകരാറുകളുമെല്ലാം പ്രശ്നങ്ങളായി. ഏറ്റവുമൊടുവില്‍ ചോര്‍ച്ച അസഹ്യമാകുകയും വാര്‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ തന്നെ ബുദ്ധിമുട്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര അറ്റകുറ്റപ്പണി നിര്‍ദേശിച്ചത്.
നിലവിലെ ആശുപത്രി സംവിധാനങ്ങള്‍ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ ലിഫ്റ്റ് മാസങ്ങളായി തകരാറിലാണ്. ഇതു പ്രവര്‍ത്തിക്കുന്പോള്‍ കെട്ടിടം കുലുങ്ങുന്നതും കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതുമായ പ്രശ്നങ്ങളുണ്ടായി. ആശുപത്രി വളപ്പില്‍ പുതിയ ഒപി ബ്ലോക്കിനായി പൈലിംഗ് ജോലികള്‍ ആരംഭിച്ചതോടെ ബി ആന്‍ഡ് സി ബ്ലോക്കിന്റെ സ്ഥിതി കൂടുതല്‍ ശോചനീയമായി. അപകടകരമായ സാഹചര്യം ബോധ്യപ്പെട്ടിട്ടും ബ്ലോക്കിലെ സംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങാന്‍ ഇപ്പോഴും കാലതാമസം നേരിടുകയാണ്.
നിര്‍മാണത്തിലെ പിഴവുകളാണ് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായത്. കെട്ടിടത്തിനു ചോര്‍ച്ച ഉണ്ടാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇടയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഫലപ്രദമായില്ല. മലിനജലം രോഗികളെ കിടത്തിയിരിക്കുന്ന വാര്‍ഡുകളിലേക്കാണ് വീണിരുന്നത്.