മലയാലപ്പുഴ: എൽഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാലപ്പുഴയിൽ യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാർക്കെതിരെ ഉയർന്ന ഒരു അഴിമതി ആരോപണത്തിൽപോലും അന്വേഷണമുണ്ടായില്ല. ഏറ്റവുമൊടുവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പാർട്ടി സഖാക്കൾക്കുവേണ്ടി മാർക്ക്ദാനം നടത്തുകയാണ്. പിഎസ്്സി പരീക്ഷയുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യുന്ന തരത്തിൽ പാർട്ടി ഇടപെടൽ പുറത്തുവന്നശേഷം മാർക്ക്ദാനം വിവാദം കേരളത്തിലെ സർവകലാശാല പരീക്ഷകളുടെ മാന്യത കളഞ്ഞുകുളിക്കുന്നതാണ്.
വിദ്യാഭ്യാസവകുപ്പ് വിഭജിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് തന്നെ ഉണ്ടാക്കിയത് ഇത്തരം ജോലികൾക്കുവേണ്ടിയാണെന്ന് ഇതോടെ വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എൻ. പീതാംബര കുറുപ്പ്, പഴകുളം മധു, ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, സതീഷ് കൊച്ചുപറന്പിൽ, സാമുവേൽ കിഴക്കുപുറം, വെട്ടൂർ ജ്യോതി പ്രസാദ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ, കണ്‍വീനർ മാത്യു കുളത്തുങ്കൽ, ഡിസിസി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, ജ്യോതിഷ്കുമാർ മലയാലപ്പുഴ, എലിസബത്ത് അബു, സൂരജ് രവി, വി.ആർ. സോജി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് റോയി എഴിക്കകത്ത്, ഡി.സി.സി അംഗം ജയിംസ് കീക്കരിക്കാട്ട്, പ്രമോദ് താന്നിമൂട്ടിൽ, ബിജു കിളളത്ത് എന്നിവർ പ്രസംഗിച്ചു.