തെരുവുനായകളുടെ വിളയാട്ടം : കണ്ണടച്ച് അധികൃതര്‍
1573863
Monday, July 7, 2025 11:19 PM IST
എടത്വ: സ്കൂളിലേക്കെത്തുന്ന പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കു ഭീഷണിയായി തെരുവുനായകളുടെ വിളയാട്ടം. തിരക്കേറിയ എടത്വ ടൗണും പരിസര പ്രദേശങ്ങളും സ്കൂളുകളിലേക്കുള്ള വഴികളും തെരുവുകള്‍ കീഴടക്കിയിരിക്കുകയാണ്. അക്രമാസക്തരായ നായ്ക്കള്‍ക്കെതിരേ അധികൃതര്‍ കണ്ണടച്ചിരിക്കുന്നതിനെതിരേ പ്രതിഷേധവും ശക്തമാണ്.
ദിവസേന ആയിരക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും വിവിധ വകുപ്പുകളിലെ ജോലി ചെയ്യുന്ന ജീവനക്കാരും നൂറുകണക്കിന് യാത്രക്കാരും എത്തുന്ന എടത്വയിലെ തെരുവുകളിലാണ് നായ്ക്കള്‍ കൂട്ടംകൂട്ടമായി അലഞ്ഞു നടക്കുന്നത്. പുലര്‍ച്ചെ എത്തുന്ന പത്രവിതരണക്കാര്‍ മുതല്‍ വൈകി ടൗണില്‍ എത്തുന്ന യാത്രക്കാര്‍ക്കു വരെ തെരുവു നായ്കളുടെ ഉപദ്രവം നേരിടേണ്ടിവരുന്നത്.
എടത്വ സെന്റ് അലോഷ്യസ് കോളജ് ഉള്‍പ്പെടെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യസ സ്ഥാപനവും സ്ഥിതി ചെയ്യുന്ന എടത്വയില്‍ ദിവസേന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസുകളിലും എത്തുന്നുണ്ട്. ബസുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ കാല്‍നടയായി വേണം അഞ്ഞൂറ് മീറ്റര്‍ അയലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തേണ്ടത്.
ഒട്ടുമിക്ക വിദ്യാര്‍ഥികളും തെരുവുനായുടെ ഉപദ്രവം ഏല്ക്കാറുണ്ട്. രാത്രികാലങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ഏറെ ഭയപ്പെട്ടാണ് ടൗണിലൂടെ യാത്ര ചെയ്യുന്നത്. ആഴ്ചകള്‍ക്കു മുന്‍പ് എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയ നിരവധി യാത്രക്കാര്‍ക്ക് തെരുവുനായുടെ കടിയേറ്റിരുന്നു.
ഡിപ്പോയില്‍ മാത്രമല്ല സ്കൂള്‍, കോളജ് കോമ്പൗണ്ടുകള്‍, ഇവയുടെ മുന്‍വശത്തെ റോഡ്, ബോട്ടുജെട്ടി, എടത്വ പാലത്തിന് താഴെ, എടത്വ ആശുപത്രി കോമ്പൗണ്ട്, പള്ളിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ട്, ഐറ്റിഐ റോഡ്, ചന്ത തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ നെരുവുനായകള് കൂട്ടം ചേര്‍ന്ന് നടക്കുകയാണ്.
നായുടെ ഉപദ്രവം മാത്രമല്ല ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നതും പതിവു കാഴ്ചയാണ്. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും പെറ്റുപെരുകുകയാണ്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെ തെരുവില്‍ തള്ളുന്നതാണ് കൂടുതലും അപകടകാരികളാകുന്നത്. നായ്കളുടെ കൃത്യമായ കണക്കെടുപ്പ് നടത്താത്തതാണ് വഴിയോരങ്ങളില്‍ ഇവ കൂടുന്നത്. പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.