ജിത ജോണിക്ക് ഗ്രീൻ ഫിനാൻസ് ഫെലോഷിപ്പ്
1573598
Sunday, July 6, 2025 11:46 PM IST
വൈപ്പിൻ: ഗ്രീൻ ഫിനാൻസ് ഹബ് ഫെലോഷിപ്പ്-2025ന് മലയാളിയായ ജിതാ ജോണി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള കാലാവസ്ഥ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരത്തിനായി സുസ്ഥിര സാമ്പത്തിക പരിഹാരങ്ങൾ നിർദേശിക്കുന്ന അന്താരാഷ്ട്ര സംരംഭമാണ് ഗ്രീൻ ഫിനാൻസ് ഹബ്. 101 രാജ്യങ്ങളിൽനിന്നായി 500 പേരെയാണ് ഈ വർഷം ഫെലോഷിപ്പിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ ആദ്യ ബാച്ചിലെ ഒരാളാണ് ജിത.
യുകെ ആസ്ഥാനമായ ഡിലോയ്റ്റ് കമ്പനിയുടെ മുംബൈയിലെ അസിസ്റ്റന്റ് മാനേജറായ ഇവർ കോഴിക്കോട് ഐഐഎമ്മിലാണ് എംബിഎ പഠനം പൂർത്തീകരിച്ചത്. യൂത്തിനെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ സംബന്ധിച്ചിട്ടുള്ള ജിത 2023 ജൂണിൽ ജർമനിയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. കുഴുപ്പിള്ളി ചെറുവൈപ്പ് ജിതാലയത്തിൽ ജോണിന്റെയും ലതയുടെയും മകളും ചേർത്തല തായപ്പള്ളി ഐവാൻ ജോണിന്റെ ഭാര്യയുമാണ്.