മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ
1572953
Friday, July 4, 2025 11:40 PM IST
അന്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടിയിൽപ്പരം രൂപ തട്ടിപ്പു നടത്തിയ കേസിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറവൻതോടിനു സമീപം പുത്തൻപറമ്പ് വീട്ടിൽ എ. അഖിൽ (32), ചെട്ടികുളങ്ങര പഞ്ചായത്ത് കൈതവളപ്പ് കരയിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കു സമീപം ദേവീകൃപയിൽ എസ്. ശ്രീകുമാർ (33), എറണാകുളം കുന്നത്തുനാട് വെങ്ങോല പഞ്ചായത്ത് രണ്ടാം വാർഡിൽ കോഞ്ഞാശേരി മുക്കുറ്റിപ്പറമ്പിൽ പരീതുകുഞ്ഞ് (51) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അഖിലും ശ്രീകുമാറും ഇതേ ബാങ്കിലെ ജീവനക്കാരാണ്. 2024 ജൂലൈ 16 മുതൽ നവംബർ 18 വരെയുള്ള നാലുമാസ കാലയളവിലായിരുന്നു തട്ടിപ്പു നടന്നത്. പുതുതായി സ്ഥാനമേറ്റ മാനേജർ നടത്തിയ സ്റ്റോക്ക് പരിശോധനയിൽ ഒരേ മേൽവിലാസത്തിൽ നിരവധി തവണ സ്വർണം പണയംവച്ചതായി കണ്ടെത്തി. തുടർന്നുണ്ടായ സംശയത്തിൽ നടത്തിയ അന്വേഷണത്തിലാണ് 1,52,78,505 രൂപയുടെ തട്ടിപ്പു പുറത്തുവന്നത്. ആദ്യം അമ്പലപ്പുഴ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കേസിലെ മറ്റു പ്രതികളായ പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കല്ലൂപ്പാറയിൽ ജെ. സുഹാസ്(33), ആലപ്പുഴ അവലൂക്കുന്ന് വെളിയിൽ വി. എസ്. അജിത്ത് (30) എന്നിവരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി :എസ്. ന്യൂമാൻ പറഞ്ഞു.