ഗൃഹനാഥന്റെ മൃതദേഹവുമായി മൈക്രോ ഫിനാൻസ് സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധം
1572694
Friday, July 4, 2025 4:55 AM IST
ചാരുംമൂട്: മൈക്രോ ഫിനാൻസ് ജീവനക്കാർ വീട്ടിലെത്തി അധിക്ഷേപിച്ചതിനെത്തുടർന്ന് ജീവനൊടുക്കിയ വള്ളികുന്നം കടുവിനാൽ മലവിളയിൽ ശശിയുടെ (60 ) മൃതദേഹവുമായി ബിജെ പി പ്രവർത്തകർ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധിച്ചു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കായംകുളത്തെ റീജണൽ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. പ്രവർത്തകർ കെപി റോഡും ഉപരോധിച്ചു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് ജീവനക്കാരെ ഉടൻ പിടികൂടാമെന്ന അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ ഉറപ്പിന്മേലാണ് സമരം താത്കാലികമായി അവസാനിപ്പിച്ചത്.
ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെ. സോമൻ, കെ.കെ. അനൂപ്, എൻ. ഹരി, അനിൽ വള്ളികുന്നം എന്നിവർ പ്രസംഗിച്ചു.