കൈയേറിയ ഭൂമി നഗരസഭ തിരിച്ചുപിടിച്ചു
1572324
Thursday, July 3, 2025 12:05 AM IST
ആലപ്പുഴ: കിടങ്ങാംപറമ്പ് വാര്‍ഡിലെ (പഴയ സനാതനം വാര്‍ഡ്) കൈയേറ്റങ്ങള്‍ പൊളിച്ചുതുടങ്ങി. ജെസിബി ഉപയോഗിച്ച് നീര്ച്ചാല് പുനഃസ്ഥാപിക്കാനുള്ള നടപടിയും ആരംഭിച്ചു. നഗരസഭയിലും കോടതിയിലുമായി നാട്ടുകാരുടെ വര്‍ഷങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് നിയമവിരുദ്ധ കൈയേറ്റത്തിനെതിരേ നടപടി തുടങ്ങുന്നത്.
കയര്‍ മെഷീന് ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റത്ത് പുറമ്പോക്ക് ഭൂമി കൈയേറിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ട് മാസങ്ങളായി. 14 ദിവസത്തിനകം കൈയേറ്റം പൊളിച്ചുനീക്കണമെന്നും അല്ലെങ്കില്‍ നഗരസഭ പൊളിച്ചശേഷം ചെലവായ തുക ഈടാക്കുമെന്നും കൈയേറ്റക്കാരെ അറിയിച്ചിരുന്നു. നോട്ടീസ് കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും കൈയേറിയ ഭൂമി ഇവര്‍ വിട്ടുനല്കിയിട്ടില്ല. കൈയേറ്റം ഒഴിപ്പിച്ച് നീര്ച്ചാല് പുനഃസ്ഥാപിക്കണമെന്ന് കളക്ടറും നിര്‍ദേശം നല്‍കിയതാണ്.
സെന്റിന് 12 മുതല്‍ 14 വരെ ലക്ഷം രൂപ വിലയുള്ള 10 സെന്റോളം ഭൂമിയാണ് കൈയേറിയത്. നീര്ച്ചാല് കൈയേറ്റംമൂലം വെള്ളക്കെട്ടിലായ സനാതന റെസിഡന്റ്സ് അസോസിയേഷനാണ് കൈയേറ്റത്തിനെതിരേ പരാതി നല്‍കിയത്. താലൂക്ക്, നഗരസഭാ അധികൃതര്‍ പരിശോധന നടത്തിയാണ് കൈയേറ്റമാണെന്നു കണ്ടെത്തിയത്. നഗരസഭ കൈയേറ്റം ഒഴിപ്പിക്കില്ലെന്നു മനസിലായതിനാല്‍ ഹൈക്കോടതിയെ പ്രദേശവാസികള്‍ സമീപിച്ചു.
മുഖ്യമന്ത്രിക്കടക്കം പരാതി നല്കി. നാട്ടുകാരുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് നഗരസഭ കൈയേറ്റമൊഴിപ്പിക്കാന്‍ നടപടി ആരംഭിച്ചത്. ഇതിനായി നിശ്ചിത തുക നഗരസഭ വകയിരുത്തിയിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിച്ചശേഷം അളന്നു തിട്ടപ്പെടുത്തുമെന്നാണ് ഇവര്‍ നാട്ടുകാര്‍ക്കു നല്‍കിയിരിക്കുന്ന ഉറപ്പ്.