നെഹ്റു ട്രോഫി: ടിക്കറ്റുകള്‍ 10 ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി
1572325
Thursday, July 3, 2025 12:05 AM IST
ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ടിക്കറ്റുകള്‍ പത്തു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി വില്ക്കാന് പൊതുഭരണ വകുപ്പിന്റെ അനുമതിയായി.
ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി വള്ളംകളി ടിക്കറ്റ് വില്‍ക്കാനാണ് അനുമതിയായത്.
മുന്‍വര്‍ഷങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ വഴി വള്ളംകളി ടിക്കറ്റുകള്‍ വിറ്റിരുന്നു. ഓഗസ്റ്റ് 30നാണു പുന്നമടക്കായലില്‍ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.
വള്ളംകളിയുടെ ധനസമാഹരണത്തിന് സര്‍ക്കാര്‍ ഓഫീസുകളിലൂടെ ടിക്കറ്റ് വില്പനയ്ക്ക് അനുമതി നല്‍കണമെന്നു നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന് കത്തു നല്‍കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പ്രകാരം, പ്രേരണയോ നിര്‍ബന്ധമോ ഇല്ലാതെ ടിക്കറ്റ് വില്‍ക്കാനാണ് അനുമതി.
മുന്‍ വര്‍ഷങ്ങളില്‍ ചില ഓഫിസുകളില്‍ ടിക്കറ്റ് വില്പനയ്ക്കു ടാര്‍ഗറ്റ് നല്‍കിയിരുന്നെന്നും ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ജനങ്ങളെ ടിക്കറ്റ് എടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു.
100 രൂപ മുതല്‍ 25,000 രൂപ വരെയുള്ള നിരക്കുകളിലാണു കഴിഞ്ഞ തവണ ടിക്കറ്റുകള്‍ വിറ്റത്. ഇത്തവണയും ഇതേ നിരക്കുകള്‍ തന്നെയാകാനാണു സാധ്യത. എന്‍ടിബിആര്‍ യോഗം ചേര്‍ന്നാകും ടിക്കറ്റ് നിരക്കുകള്‍ തീരുമാനിക്കുക.