കാരുണ്യ പദ്ധതികളുമായി ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്
1571749
Tuesday, July 1, 2025 12:00 AM IST
ഹരിപ്പാട്: ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സുധർമ മുരളീധരൻ വനിതാ രത്ന അവാർഡ് ദാനവും മൂന്നിന് കാർത്തികപ്പള്ളി പോൾ ഹാരീസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ കൃഷ്ണൻ ജി. നായർ ഉദ്ഘാടനം ചെയ്യും.
പുതിയ ഭാരവാഹികളായി ആർ.കെ. പ്രകാശ്(പ്രസിഡന്റ് ), സൗമ്യ പ്രമോദ് (സെക്രട്ടറി), സന്തോഷ് വർഗീസ് (ട്രഷറർ) എന്നിവർ ചുമതലയേൽക്കും. ഈ വർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പ്രധാന പദ്ധതികളിൽ ഹരിതകർമസേനയ്ക്ക് സൗജന്യ പ്രഭാതഭക്ഷണ വിതരണം, വനിതകൾക്ക് സൗജന്യ കാൻസർ സ്ക്രീനിംഗ്, കിടപ്പുരോഗികൾക്കുള്ള സ്വാന്തന പരിചരണം, ഓപ്പോൾ പദ്ധതിയിലൂടെ നിരാലംബർക്ക് ഭവനനിർമാണം, വിദ്യ എന്ന പേരിൽ വിദ്യാർഥികൾക്കുള്ള പദ്ധതികൾ, നിർമല- ശുദ്ധജല വിതരണം, ആശ -വനിതകൾക്കുള്ള ആരോഗ്യ-തൊഴിൽ പരിശീലന പദ്ധതികൾ, ജനനി- കുട്ടികൾക്കുള്ള കളിപ്പാ വിതരണം, ഭൂമിക- ഫലവൃക്ഷതൈ എന്നിവ ഉൾപ്പെടുന്നു.
ഈ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ഒന്നിന് ഡിസ്ട്രിക്ട് ഗവർണർ ഡോ. റ്റീന ആന്റണി നിർവഹിക്കും. സുധർമ മുരളീധരൻ വനിതാ രത്ന അവാർഡ് മാവേലിക്കര സ്വദേശിനിയും വ്യവസായ സംരംഭകയുമായ ആർ. ഗീതാലക്ഷ്മിക്ക് സമ്മാനിക്കും. റോട്ടറിയും സുധാ മുരളീ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡ്, മുൻ റോട്ടറി അംഗം സുധാ മുരളീധരന്റെ സ്മരണാർഥമാണ്. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ആർ.കെ. പ്രകാശ്, സെക്രട്ടറി സൗമ്യ പ്രമോദ്, ട്രഷറർ സന്തോഷ് വർഗീസ്, ക്ലബ് അഡ്മിനിസ്ട്രേറ്റർ മുരുകൻ പാളയത്തിൽ, മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ മുരളീധരൻ, റോട്ടറി ഫൗണ്ടേഷൻ ചെയർമാൻ പ്രമോദ് ഇട്ടിക്കാട്ടിൽ, ക്ലബ്ബ് ട്രെയിനർ ജേക്കബ് സാമൂവൽ തുടങ്ങിയവർ പങ്കെടുത്തു.