ദേശീയപാത നിർമാണം: ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അടിയന്തര പരിഹാരം വേണമെന്ന് ജില്ലാ വികസനസമിതി
1571130
Sunday, June 29, 2025 3:07 AM IST
ആലപ്പുഴ: ദേശീയപാത നിർമാണം മൂലം ജില്ലയിലെ വിവിധ മേഖലകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അടിയന്തര പരിഹാരം വേണമെന്ന് ജില്ലാ വികസനസമിതി. ദേശീയപാത നിർമാണത്തിനായി ആര്യാട് പഞ്ചായത്തിനു കിഴക്ക് വേമ്പനാട് കായലിൽനിന്ന് മണലെടുക്കുന്നത് നിശ്ചയിച്ച ഭാഗത്തുനിന്ന് പടിഞ്ഞാറോട്ടു മാറിയാണെന്നും മണലുമായി വാഹനങ്ങൾ അമിതവേഗത്തിൽ ചീറിപ്പായുന്നതിനാൽ റോഡുകൾ തകരുന്നതായും അപകടങ്ങൾ ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ദേശീയ പാത അഥോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം. ആലപ്പുഴ കൈതവന ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ പകൽ സമയത്ത് ഓഫ് ചെയ്തിട്ടിരിക്കുകയാണെന്നും ഇത് അടിയന്തരമായി പ്രവർത്തിപ്പിക്കണമെന്നും ആവശ്യമുയർന്നു. ദേശീയപാത നിർമാണം മൂലം അരൂർ മേഖലയിൽ കടുത്ത ഗതാഗതക്കുരുക്ക് നേരിടുകയാണെന്നും സമാന്തര പാതകൾ അറ്റകുറ്റപ്പണി നടത്താൻ ഏഴു കോടി രൂപ അനുവദിച്ചിട്ടും ഫലവത്താകുന്നില്ലെന്നും കെ.സി. വേണുഗോപാൽ എംപിയുടെ പ്രതിനിധി മുൻ എംഎൽഎ എ. ഷുക്കൂർ പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുകയും നിർമാണപ്രവർത്തനം പൂർത്തിയാവുന്നതുവരെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നും എംപിയുടെ പ്രതിനിധി പ്രമേയത്തിൽ ആവശ്യപ്പെട്ടു. ദേശീയപാതയിൽ നാരകത്തറയിൽ അണ്ടർപാസ് അനുവദിക്കണമെന്നും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല എംഎൽഎയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലെ യാത്രാക്ലേശം, വർധിച്ചുവരുന്ന തെരുവുനായ ശല്യം, പ്രകൃതിക്ഷോഭം നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാകുന്നില്ല തുടങ്ങിയ പ്രശ്നങ്ങളും പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉന്നയിച്ചു. ജില്ലാ കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യകന്യകയുടെ ശിൽപം നീക്കുന്നതു സംബന്ധിച്ച എല്ലാ സാധ്യതകളും പരിശോധിച്ച് വികസനസമിതി തീരുമാനമെടുക്കണമെന്ന് എച്ച്. സലാം എം എൽഎ ആവശ്യപ്പെട്ടു.
മുൻ യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ സ്വീകരിച്ച നടപടികളും യോഗം ചർച്ച ചെയ്തു. പുനർഗേഹം പദ്ധതി ഗുണഭോക്താക്കൾക്കായി പുറക്കാട് വില്ലേജിൽ നിർമിക്കുന്ന ഫ്ളാറ്റുകളുടെ നിർമാണത്തിൽ ഫേസ് രണ്ടും മൂന്നും സിവിൽ ജോലി പൂർത്തീകരിച്ചതായും ഫേസ് നാലും അഞ്ചും പ്ലാസ്റ്ററിങ് പൂർത്തീകരിച്ചതായും ഫിഷറീസ് ഡെ. ഡയറക്ടർ അറിയിച്ചു. തറയിൽക്കടവ് ഫിഷറീസ് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ഫിനിഷിംഗ് ജോലി പുരോഗമിക്കുന്നതായി നിർമിതി കേന്ദ്രം പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
കുട്ടനാട് പ്രദേശത്തെ ഉച്ച വേലിയേറ്റം സംബന്ധിച്ച വിഷയത്തിൽ കൃഷിവകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കപ്പലപകടത്തെത്തുടർന്ന് തീരമേഖലക്ക് അനുവദിച്ച ആറു കിലോ സൗജന്യ റേഷൻ വിതരണം തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ദേശീയപാത നിർമാണത്തെ ത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടതുമൂലം തകർന്ന തുറവൂർ കുമ്പളങ്ങി റോഡ്, മാക്കിത്തറ റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.