നൂറ്റുവന്‍പാറ ടൂറിസം പദ്ധതിക്ക് ചിറകുമുളയ്ക്കുന്നു
1571748
Monday, June 30, 2025 11:59 PM IST
ചെങ്ങന്നൂര്‍: പൗരാണിക ഐതിഹ്യപ്പെരുമയാല്‍ ശ്രധേയമായ പുലിയൂര് പഞ്ചായത്തിലെ നൂറ്റുവന്പാറയെ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് രണ്ടു കോടി 20 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.
ചെങ്ങന്നൂരിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കി പൈതൃക ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് നൂറ്റുവന്‍പാറ ടൂറിസം പദ്ധതിക്ക് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
പദ്ധതിയില്‍ വിഭാവനം ചെയ്യുന്ന പ്രധാന
സൗകര്യങ്ങള്‍
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് നൂറ്റുവന്പാറയില് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാകും. വിശ്രമസ്ഥലം, റെയിന്‍ ഷെല്‍ട്ടര്‍, സുരക്ഷാ ഹാന്‍ഡ് റെയിലുകള്‍, കാന്റി ലിവര്‍ വ്യൂ പോയിന്റ്, സിസിടിവി നിരീക്ഷണം, ആധുനിക ശുചിമുറി സൗകര്യങ്ങള്‍, റോപ്പ് വേ, സുരക്ഷാ ഗാര്‍ഡുകള്‍, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ചെങ്ങന്നൂരിന്
പുതിയ ടൂറിസം
സാധ്യതകള്‍
നൂറ്റുവന്‍പാറ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പാണ്ഡവന് പാറ, ആലാ പൂമലച്ചാല്‍, കുതിരവട്ടം ചിറ അക്വാടൂറിസം തുടങ്ങിയ നിലവിലുള്ള പദ്ധതികളുമായി സംയോജിപ്പിച്ച് കൂടുതല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാന്‍ കഴിയും.
ഇത് ചെങ്ങന്നൂരിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
ഈ പദ്ധതി ചെങ്ങന്നൂരിന്റെ സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില്‍ പുതിയ അധ്യായം കുറിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.