മെഡിക്കൽ കോളജുകൾ വെന്റിലേറ്ററിൽ: കൊടിക്കുന്നിൽ സുരേഷ് എംപി
1571745
Monday, June 30, 2025 11:59 PM IST
ചാരുംമൂട്: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ വെന്റിലേറ്ററിലാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ വീഴ്ചയിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് നയപരമായി തകർന്നു. ആരോഗ്യകേരളം പേരിൽ ഒതുങ്ങി. ചികിത്സ ലഭിക്കാത്തതിനാൽ രോഗികൾ പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.
ആരോഗ്യവകുപ്പ് മന്ത്രി തന്നെയാണ് ഈ തകർച്ചയുടെ മുഖ്യ ഉത്തരവാദി. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇപ്പോഴും പദവിയിൽ തുടരുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, തൃശൂർ തുടങ്ങിയ സർക്കാർ മെഡിക്കൽ കോളജുകളിൽ രോഗികൾക്ക് കിടക്കയും ശുചിമുറികളും ചികിത്സയ്ക്കാവശ്യമായ മരുന്നുകളും ലഭ്യമല്ല.
ശസ്ത്രക്രിയകൾ മാസങ്ങൾ നീളുന്ന അവസ്ഥയിൽ രോഗികൾ സ്വകാര്യ ആശുപത്രികളിലേക്ക് പോകേണ്ടിവരുന്നത് അവരെ സാമ്പത്തികമായി തകർക്കുകയാണ്. മുൻകാലങ്ങളിൽ ആരോഗ്യരംഗത്ത് കേരളം മാതൃകയായിരുന്നു. ഇന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രി ഈ വകുപ്പിന് അതീവ അപകടം ആണെന്ന് തെളിയിച്ചു കഴിഞ്ഞതായും കൊടിക്കുന്നിൽ പറഞ്ഞു.