ചക്കുളത്തുകാവില്‍ നവരാത്രി സംഗീതോത്സവം സെപ്റ്റംബര്‍ 20ന്
1571122
Sunday, June 29, 2025 3:06 AM IST
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം സെപ്റ്റംബര്‍ 20ന് ആരംഭിച്ച് ഒക്ടോബര്‍ രണ്ടിന് സമാപിക്കും. സെപ്റ്റംബര്‍ 20ന് രാവിലെ ഒന്‍പതിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധകൃഷ്ണന് നമ്പൂതിരി ഭദ്രദീപം കൊളുത്തി ചക്കുളത്തമ്മ നൃത്തസംഗീതോത്സവ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
സംഗീതാരാധനക്കു പുറമേ ഭരതനാട്യം, ഡാന്‍സ്, കഥകളി, തിരുവാതിര ഓട്ടന്തുള്ളല്, ചാക്യര്‍കൂത്ത്, പാഠകം, കുച്ചുപ്പുടി, ഉപകരണ സംഗീതം, തുടങ്ങി ക്ഷേത്രകലാരൂപങ്ങള്‍ അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭ സംഗീതഞ്ജരുടെ സംഗീതാരാധന നടക്കും. ദീപാരാധനക്കു ശേഷം നൃത്തപരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്ന എല്ലാ പ്രതിഭകള്‍ക്കും ചക്കുളത്തുകാവ് ട്രസ്റ്റ് വക സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണെന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അറിയിച്ചു.
സംഗീതാര്‍ച്ചനയിലും നൃത്തപരിപാടിയിലും മറ്റു ക്ഷേത്ര കലകളിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ക്ഷേത്ര ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 25 വരെ മാത്രമാണ് രജിസ്ട്രേഷന്. ഫോണ്‍: 0477-2213550, 9188311000, 7012994843, 919447104242, 9526132243.